മുസ്ലിംലീഗ് അഴിമതിയുടെ കേന്ദ്രബിന്ദുവാണെന്ന് മന്ത്രി കെ ടി ജലീൽ.
മുഴുവൻ ജാതി–-മത വിഭാഗങ്ങളെയും ഒരേ കണ്ണുകൊണ്ട് കാണാൻ ബിജെപിക്കും മുസ്ലിംലീഗിനും കഴിയില്ല. പ്രശ്നം ഏത് സമുദായത്തിന്റേതാണ് എന്ന് നോക്കിയാണ് ബിജെപിയും ലീഗും വിഷയങ്ങളിൽ ഇടപെടുന്നത്.
മലപ്പുറം: മുസ്ലിംലീഗ് അഴിമതിയുടെ കേന്ദ്രബിന്ദുവാണെന്ന് മന്ത്രി കെ ടി ജലീൽ. എം സി ഖമറുദ്ദീൻ, വി കെ ഇബ്രാഹിംകുഞ്ഞ്, കെ എം ഷാജി എന്നിവർക്കെതിരെയുള്ള അഴിമതിക്കഥകൾ ഇതിന് തെളിവാണ്. ലീഗിന്റെ രണ്ട് എംഎൽഎമാർ ജാമ്യംകിട്ടാതെ ജയിലിലാണ്. അധികപ്രസംഗിയായ യുവ ലീഗ് നേതാവ് കണ്ണൂർ ജയിലിലേക്കുള്ള വഴിയിൽ പാതിയെത്തി നിൽക്കുകയാണ്–- ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ് പൊതുയോഗങ്ങൾ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
മുഴുവൻ ജാതി–-മത വിഭാഗങ്ങളെയും ഒരേ കണ്ണുകൊണ്ട് കാണാൻ ബിജെപിക്കും മുസ്ലിംലീഗിനും കഴിയില്ല. പ്രശ്നം ഏത് സമുദായത്തിന്റേതാണ് എന്ന് നോക്കിയാണ് ബിജെപിയും ലീഗും വിഷയങ്ങളിൽ ഇടപെടുന്നത്. ജാതി–-മത വിഭാഗങ്ങളുടെ വേർതിരിവില്ലാതെ അവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഇടതുപക്ഷത്തിനേ കഴിയൂ.
എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച ഇല്ലാതാക്കാനാണ് യുഡിഎഫും – ബിജെപിയും ശ്രമിക്കുന്നത്. കേരള ജനതക്കുവേണ്ടി സംസ്ഥാന സർക്കാർ എല്ലാം ചെയ്യുന്നുണ്ട്. കോവിഡുകാലത്ത് ലോകം മുഴുവൻ അടച്ചുപൂട്ടിയപ്പോൾ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും പോകാതെ സൗജന്യ റേഷനും സൗജന്യ ധാന്യക്കിറ്റും നൽകി പിടിച്ചുനിർത്തിയത് സംസ്ഥാന സർക്കാരാണ്. പ്രളയകാലത്ത് കേരളത്തെ ഞെക്കിക്കൊല്ലാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ് അഭിമാനത്തോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി നേരിന്റെയും വികസനത്തിന്റെയും മതനിരപേക്ഷതയുടെയും മുന്നണിയാണ്. നാടിന്റെ പുരോഗതിക്കും സമാധാന ജീവിതത്തിനും ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിക്കണമെന്നും ജലീൽ പറഞ്ഞു.
പെരിന്തൽമണ്ണ, കൊളത്തൂർ, അങ്ങാടിപ്പുറം, തിരുവാലി, നിലമ്പൂർ, എടക്കര, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലായിരുന്നു പൊതുയോഗങ്ങൾ.