നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത.

കൊടും ക്രൂരത വിഡിയോയിൽ കാണാം.

 

നെടുമ്പാശേരി: അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സികാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഒാടുന്നതാണ് ദൃശ്യങ്ങൾ. നായയുടെ കഴുത്തിൽ കെട്ടിയ കയർ ഒാടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളർന്നു വീണിട്ടും കാർ മുന്നോട്ടുപോകുന്നതും കാണാം. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

‘മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിയ്ക്കുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്..’. ഈ വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് സാമൂഹ്യപ്രവര്‍ത്തക അഡ്വ.രശ്മിത രാമചന്ദ്രന്‍ എഴുതിയ കുറിപ്പിൽ പറയുന്നു.