വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!

 

 

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ്.

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മ‌ൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച് 2019 ജൂലൈയിൽ പുറപ്പെടുവിച്ച താരിഫ് ഉത്തരവനുസരിച്ചുള്ളതാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള വൈദ്യുതി നിരക്ക്. ഇക്കാലയളവിൽ ഇതിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ കെ എസ് ഇ ബി ഇടക്കാല പുന:പരിശോധനയ്ക്ക് റെഗുലേറ്ററി കമ്മീഷനെ സമീപിക്കണം. നിലവിൽ താരിഫ് പരിഷ്ക്കരണത്തിനായി കെ എസ് ഇ ബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടില്ല. 2020 മാർച്ചിൽ കമ്മീഷനു മുൻപാകെ സമർപ്പിച്ച ഇടക്കാല പെറ്റീഷനിലാകട്ടെ താരിഫ് പരിഷ്കരണം ആവശ്യപ്പെട്ടിട്ടുമില്ല. അതായത് 2022 മാർച്ച് 31 വരെ നിലവിലുള്ള നിരക്ക് തന്നെ തുടരുന്ന സാഹചര്യമാണുള്ളത്.

 

അന്തർ സംസ്ഥാന പ്രസരണ ചാർജിൽ ഉണ്ടാകാനിടയുള്ള വർദ്ധനവും അതുൾപ്പടെ കെ എസ് ഇ ബിയുടെ വരവും ചെലവും 2022 ഏപ്രിൽ മുതലുള്ള കാലയളവിലേക്ക് കണക്കാക്കുന്നതിനുമുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടികൾ റഗുലേറ്ററി കമ്മീഷൻ ഇനിയും ആരംഭിച്ചിട്ടില്ല. അക്കാലയളവിലേക്കള്ള ചട്ടങ്ങൾ രൂപപ്പെടുത്തിയതിന് ശേഷം മാത്രമേ, നിരക്ക് വർദ്ധനവ് അനിവാര്യമായി വരികയാണെങ്കിൽ, റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിൽ വരികയുള്ളു.

 

വൈദ്യുതി വാങ്ങൽ ചെലവിലുണ്ടായ അധിക ബാധ്യത കാലാകാലങ്ങളിൽ റഗുലേറ്ററി കമ്മീഷൻ തിട്ടപ്പെടുത്തുന്നുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ട കണക്കിലെടുത്ത് ഇന്ധന സർചാർജ് ഈടാക്കുന്നത് റഗുലേറ്ററി കമ്മീഷൻ നിലവിൽ മാറ്റി വച്ചിരിക്കയുമാണ്. അതുസംബന്ധിച്ച് യാതൊരു പുതിയ തീരുമാനവും കെ എസ് ഇ ബി നിലവിൽ എടുത്തിട്ടില്ല.