സരിതയ്‌ക്കെതിരെ കേസ്, കൂട്ടുപ്രതി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ബെവ്കോയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് കേസ്.

നെയ്യാറ്റിൻകര:ബിവറേജസ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സരിതാ നായരുൾപ്പെടെ മൂന്നാളുകളുടെ പേരിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.


കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ പഞ്ചായത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയാണ്. ഓലത്താന്നി സ്വദേശി അരുണാണ് പരാതിക്കാരൻ. ബെവ്കോയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് കേസ്.

കേസിലെ ഒന്നാം പ്രതി രതീഷാണ് പണം വാങ്ങിയതെന്നാണ് പരാതി. ഇതിൽ രണ്ടാം പ്രതിയായിട്ടാണ് സരിതയുടെ പേർ ചേർത്തിരിക്കുന്നത്. മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി. അരുണിന് ബെവ്കോയിൽ ജോലി നൽകാമെന്ന ഉറപ്പിലാണ് പണം പലപ്പോഴായി നൽകിയത്. പണം നൽകിയതിനുശേഷം വ്യാജ നിയമന ഉത്തരവും നൽകിയിരുന്നു. ജോലിക്ക് പ്രവേശിക്കാനെത്തുമ്പോഴാണ് രേഖ വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടർന്നാണ് അരുൺ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്. അരുണിൽ നിന്നും പണം വാങ്ങിയത് ഒന്നാം പ്രതിയായ രതീഷാണ്. പത്തുലക്ഷം രൂപ രതീഷ് വാങ്ങി. ഒരു ലക്ഷം രൂപയാണ് കേസിലെ രണ്ടാം പ്രതിയായ സരിതാ നായർക്ക് നൽകിയത്. സരിതയുടെ തിരുനെൽവേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.

ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായർ അരുണിനെ ഫോണിൽ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. തിരുനെൽവേലിയിലെ അക്കൗണ്ട് നമ്പർ പരിശോധിച്ചതിൽ സരിതയുടേതാണെന്ന് ഉറപ്പായതായി സി.ഐ. ശ്രീകുമാരൻനായർ വ്യക്തമാക്കി. എന്നാൽ, ശബ്ദരേഖയിലുള്ള ശബ്ദം സരിതാ എസ്. നായരുടെതാണോയെന്ന് പരിശോധിക്കും