ബൂത്തിന് മുന്നിൽ സംഘർഷം
മലപ്പുറം: ജില്ലയിലെ പെരുമ്പടപ്പ് കോടത്തൂരിൽ എൽ.ഡി.എഫ്,യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ പോളിംഗ് ബൂത്തിന് മുന്നിൽ സംഘർഷം. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് സംഘർഷത്തിനിടെ പരിക്കേറ്റു.തുടർന്ന് സ്ഥലത്ത് പൊലീസ് ലാത്തിവീശി.
കണ്ണൂർ പരിയാരത്തും തിരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായി. ഇവിടെ ബൂത്ത് ഏജന്റിന് മർദ്ദനമേറ്റു. ബൂത്ത് ഏജന്റായ നാസറിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി കോൺഗ്രസ് പരാതിപ്പെട്ടു. താനൂർ നഗരസഭയിലെ 16ആം വാർഡിലും സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ് റഹ്‌മാന് സംഘർഷത്തിനിടെ പരിക്കേറ്റു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
അതേസമയം മുഴപ്പിലങ്ങാട് നാലാം വാർഡിൽ കളളവോട്ട് ചെയ്‌തെന്ന് കണ്ടെത്തി. പടന്നക്കാട് ഈസ്‌റ്റ് എൽ.പി സ്‌കൂളിലാണ് കളളവോട്ട് നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിൽ കളളവോട്ട് നടന്നു, തുടർന്ന് പ്രേമദാസന് പ്രിസൈഡിംഗ് ഓഫീസർ ചലഞ്ചിംഗ് വോട്ട് ചെയ്യാൻ അനുവദിച്ചു.