സി.എം. രവീന്ദ്രന്റെ ചോദ്യംചെയ്യൽ അവസാനിച്ചു.

ചോദ്യംചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹർജി രാവിലെ ഹൈക്കോടതി തള്ളിയിരുന്നു.

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യംചെയ്യൽ അവസാനിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചിയിലെ ഓഫീസിൽ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യൽ 12 മണിക്കൂർ നീണ്ടു. തുടർന്ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ പുറത്തുവിട്ടത്.

 

നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്ന് രവീന്ദ്രൻ കൊച്ചി ഇ.ഡി. ഓഫീസിൽ വ്യാഴാഴ്ച രാവിലെ 8.45-ന് ഹാജരായിരുന്നു. ചോദ്യംചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹർജി രാവിലെ ഹൈക്കോടതി തള്ളിയിരുന്നു.

 

രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ-ശിവശങ്കർ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ.ഡി.ക്കു ലഭിച്ചിരിക്കുന്ന വിവരം.

 

ലൈഫ് മിഷൻ, കെ-ഫോൺ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ഇടപാടുകളിൽ ശിവശങ്കറിനു നിർദേശങ്ങൾ രവീന്ദ്രനിൽനിന്നാണു ലഭിച്ചതെന്നാണ് ഇ.ഡി. നൽകുന്ന സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് രവീന്ദ്രൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.

 

 

ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ.ഡി.യുടെ ചോദ്യത്തിന് രവീന്ദ്രൻ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴിനൽകിയിരുന്നു.