വഴിനീളെ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ്

ഹെൽമെറ്റ്- സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവ കണ്ടുപിടിക്കുന്നതിനാണ് ഒഫൻസ് ഡിറ്റക്ഷൻ ക്യാമറ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന ക്യാമറകൾ വഴിനീളെ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. മൊബൈൽഫോൺ ഉപയോഗം, ഹെൽമെറ്റ്- സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവ കണ്ടുപിടിക്കുന്നതിനാണ് ഒഫൻസ് ഡിറ്റക്ഷൻ ക്യാമറ സ്ഥാപിക്കുന്നത്. കെൽട്രോണുമായി ചേർന്നാണു നടപ്പാക്കുന്നത്. സൗരോർജത്തിലാകും ഇവയുടെ പ്രവർത്തനം. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ അതിവേഗം പിടിക്കുന്നതിനാണ്.

ആദ്യഘട്ടത്തിൽ ഒരോജില്ലയിലും 50 വീതം പുതിയ ക്യാമറകൾ ഉണ്ടാകും. ഫെബ്രുവരിയിൽ പുതിയ സംവിധാനം നിലവിൽവരും. ഓരോ ജില്ലയിലും ക്യാമറ സ്ഥാപിക്കുന്നതിനുള്ള സർവേ പൂർത്തിയായി. താലൂക്കുകളിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയ സ്ഥലങ്ങളിലാണു ക്യാമറ വെക്കുക. ഇതിനുള്ള ഇടങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ കേന്ദ്രങ്ങൾക്കാണ് ആദ്യപരിഗണന.