വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു.

കോട്ടയം: നാലു മാസം മുമ്പ് വിവാഹിതയായ 19 കാരി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. ക്യൂവില്‍ നില്ക്കുമ്പോള്‍ പഴയ കാമുകനെ കണ്ടു. വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു. കഴിഞ്ഞദിവസം തിടനാട്ടിലാണ് സംഭവം.

 

കാഞ്ഞിരപ്പള്ളിയിലാണ് യുവതിയെ വിവാഹം കഴിപ്പിച്ച് അയച്ചത്. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. പിണ്ണക്കനാട് സ്വദേശിനിയാണ് യുവതി. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് തിടനാട് പൊലീസില്‍ ഭര്‍ത്താവ് പരാതി നല്കി.

 

ഇതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി മൂന്നാം ദിവസം ഒളിത്താവളത്തില്‍ നിന്നും ഇരുവരെയും പിടികൂടി. സ്റ്റേഷനിലെത്തിയ യുവതി തന്നെ കാമുകനൊപ്പം പറഞ്ഞയക്കണമെന്ന് സി.ഐ യോട് കേണപേക്ഷിച്ചു. പക്ഷേ, പൊലീസിന് ഇത് സ്വീകാര്യമായിരുന്നില്ല.

 

ഭാര്യയെ കണ്ടെത്തിയ വിവരം അറിഞ്ഞ് ഭര്‍ത്താവ് സ്റ്റേഷനില്‍ കുതിച്ചെത്തി. എന്നാല്‍ ഭര്‍ത്താവിനെ തിരിഞ്ഞുനോക്കാന്‍ പോലും യുവതി തയ്യാറായില്ല. കാമുകനൊപ്പം ജീവിക്കണമെന്ന് യുവതി വാശി തുടര്‍ന്നു. തുടര്‍ന്ന് ഇരുവരെയും പൊലീസ് കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ താത്പര്യമില്ലെന്നും കാമുകനൊപ്പം പോവണമെന്നും യുവതി പറഞ്ഞതോടെ കോടതി അനുവദിക്കുകയായിരുന്നു.