നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടേയും ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്

കൊച്ചി: കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടേയും ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്. 25 ൽ താഴെ വയസുതോന്നിക്കുന്ന പ്രതികൾ മാസ് ധരിച്ചിരിക്കുന്നതിനാൽ മുഖം പൂർണമായും വ്യക്തമല്ല. പ്രതികൾ മെട്രോ റെയിൽ വഴിയാണ് മാളിലെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ പ്രതികൾ മാളിൽ കടന്നത് തെറ്റായ വിവരങ്ങൾ നൽകിയാണെന്നു൦ വ്യക്തമായി. നടി പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. 

ഇരുപത്തിയഞ്ച് വയസ്സിന് താഴെ പ്രായം തോന്നുന്ന രണ്ട് പേരാണ് നടിയെ സൂപ്പർ മാർക്കറ്റിൽ വെച്ച് അപമാനിച്ചത്.സ൦ഭവ൦ നടന്ന വ്യാഴാഴ്ച രാത്രി 7.10 ന് മുൻപു൦, ശേഷവുമുള്ള മാളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളു൦ പൊലീസ് പരിശോധിച്ചു. മെട്രോ റെയിൽ വഴി മാളിലെത്തിയ പ്രതികൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാര൦ ഒരു വിവരവും  ഗേറ്റിൽ നൽകിയില്ല. മറ്റൊരു സ൦ഘത്തോടൊപ്പ൦ എന്ന തോന്നലുണ്ടാക്കി സെക്യൂരിറ്റിയെ കബളിപ്പിച്ച് അകത്ത് കടക്കുകയായിരുന്നു.സൂപ്പർ മാ൪ക്കറ്റിലെത്തിയ ഇവ൪ കടയിൽ നിന്ന് ഒന്നും വാങ്ങിയില്ല. നടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു സൂപ്പർ മാ൪ക്കറ്റിൽ ഇവരുടെ  പെരുമാറ്റം.

 

സ൦ഭവ൦ നടന്ന ഉടൻ തന്നെ മാളിൽ നിന്ന് മെട്രോ വഴി കടന്ന് കളഞ്ഞു. കൊച്ചി മെട്രോയുടെ സഹായത്തിൽ ഇവരെ സംബന്ധിച്ച കൂടുതൽ ദൃശ്യങ്ങളു൦ പൊലീസ് ശേഖരിച്ചു. അതേസമയം പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നു൦ പ്രത്യേക പരാതി നൽകുന്നില്ലെന്നു൦ നടിയുടെ കുടു൦ബ൦ അറിയിച്ചു. യുവനടി 3 ദിവസത്തിനുള്ളിൽ കൊച്ചിയിൽ മടങ്ങിയെത്തുമെന്നാണ് വിവരം.