വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു

മലപ്പുറം: പൊന്നാനി അഴീക്കലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പൊന്നാനി തഖ് വ മസ്ജിദിന് സമീപം താമസിക്കുന്ന തെങ്ങും മാളിയേക്കല്‍ ജമാലുദ്ദീന്റെ ഒരു മാസം മാത്രം പഴക്കമുള്ള പള്‍സര്‍ ബൈക്കാണ് സാമൂഹ്യ വിരുദ്ധര അഗ്‌നിക്കിരയാക്കിയത്.

 

സുബ്ഹ് നിസ്‌ക്കാരത്തിനായി പള്ളിയില്‍ പോകുന്നവരാണ് ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പുറത്തെത്തി നോക്കിയപ്പോള്‍ ബൈക്ക് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സിപിഎം അനുഭാവിയായ ജമാലുദ്ദീനോട് വ്യക്തി വൈരാഗ്യമുള്ളവര്‍ കത്തിച്ചതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

 

അതേ സമയം മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വാര്‍ഡിലെ മറ്റൊരു വീട്ടിലെ കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തിരുന്നു. പൊന്നാനി പോലീസില നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊന്നാനി സിഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ പോലീസും, വിരളടയാള വിദഗ്ദരും എത്തി പരിശോധന നടത്തി.