എൽ.ഡി.എഫിന് വോട്ടർമാർ കനത്ത താക്കീത് നൽകിയെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: മലപ്പുറം നഗരസഭ ഭരണം അട്ടിമറിക്കാൻ ഭരണസ്വാധീനം ഉപയോഗിച്ചും പണം വാരിവിതറിയും തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന് വോട്ടർമാർ കനത്ത താക്കീത് നൽകിയെന്ന് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

വർഗീയ പാർട്ടിയാണെന്ന് സംസ്ഥാന നേതാക്കൾ നിരന്തരം വിമർശിക്കുമ്പോൾ തന്നെ വെൽഫെയർ പാർട്ടിയുമായി രഹസ്യമായും പരസ്യമായും കൂട്ടുചേർന്ന് യു.ഡി.എഫിനെ തകർക്കാൻ ശ്രമിച്ചവ സി പി എമ്മിന് കനത്ത തോൽവിയാണ് വോട്ടർമാർ സമ്മാനിച്ചത്.

 

പല വാർഡുകളിലും സ്വന്തം സ്ഥാനാർഥികളെ മരവിപ്പിച്ചു ജമാഅത്ത്, എസ്ഐഒ സ്ഥാനാർഥികൾക്കായി എൽ.ഡി.എഫ്. വോട്ട് മറിച്ചു. മൈലപ്പുറം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 13 വോട്ട്, മുസ്ലിംലീഗ് വിജയിച്ച ഇവിടെ രണ്ടാം സ്ഥാനത്ത് വെൽഫെയർ സ്ഥാനാർഥിയാണ്. 33 കോൽമണ്ണയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത് 5 വോട്ട് ഇവിടെ മത്സരിച്ച എസ്.ഐ.ഒ. നേതാവ് രണ്ടാം സ്ഥാനത്തെത്തി.

പല വാർഡുകളിലും പരസ്യമായും രഹസ്യമായും സിപിഎമ്മിനൊപ്പം പ്രവർത്തിച്ച വെൽഫെയർ പാർട്ടിക്ക് ഒറ്റക്ക് നിന്ന വലിയങ്ങാടി, കിഴക്കേത്തല വാർഡുകളിൽ 50 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സിപിഎമ്മിന്റെ 30 വർഷത്തെ അപ്രമാദിത്യം തകർത്തു ഒന്നാം വാർഡിൽ മുസ്ലിം ലീഗ് വിജയക്കൊടി പാറിച്ചു. പാർട്ടി ഗ്രാമങ്ങളായ കരുവാള, ചോലക്കൽ, കാവുങ്ങൽ വാർഡുകളിൽ സിപിഎം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

 

കഴിഞ്ഞ അഞ്ചു വർഷത്തെ നഗരസഭാ ഭരണവും ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുമാണ് യുഡിഎഫ് വിജയത്തിൻറെ പ്രധാന ഘടകം എന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മന്നയിൽ അബൂബക്കർ, ഹാരിസ് ആമിയൻ, പി പി കുഞ്ഞാൻ, മണ്ണിശ്ശേരി മുസ്തഫ, ബഷീർ മച്ചിങ്ങൽ, പി കെ ബാവ പ്രസംഗിച്ചു.