തദ്ദേശ തെരെഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണം

സ്ഥാനാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കപ്പെട്ട ദിവസം കലക്ടറേറ്റില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ കണക്കുകള്‍ സമര്‍പ്പിക്കാവുന്നതാണ്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരെഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ തെരെഞ്ഞെടുപ്പ് ചെലവുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോറം എന്‍ 30 യില്‍ തയ്യാറാക്കി ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത് പ്രകാരം ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേക്കായി മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ചെലവ് കണക്കുകള്‍ ജില്ലാ കലക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. കോവിഡ്-19 ന്റെ പ്രത്യേക സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും തിരക്കുകള്‍ നിയന്ത്രിക്കുന്നതിനുമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിശ്ചയിക്കപ്പെട്ട ദിവസങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ കണക്കുകള്‍ ഹാജരാകേണ്ടത്.

 

തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവിന്റെ കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പുകളും ഉള്‍പ്പെടുത്തേണ്ടതാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കപ്പെട്ട ദിവസം കലക്ടറേറ്റില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ കണക്കുകള്‍ സമര്‍പ്പിക്കാവുന്നതാണ്.

 

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ജനുവരി ആറിനാണ് കലക്ട്രേറ്റിലെത്തി കണക്കുകള്‍ ഹാജരാക്കേണ്ടത്. പൊന്നാനി, വളാഞ്ചേരി നഗരസഭകളിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ഡിസംബര്‍ 28നും, തിരൂര്‍, താനൂര്‍ നഗരസഭകളിലെ സ്ഥാനാര്‍ത്ഥികള്‍ ഡിസംബര്‍ 29നും, കോട്ടക്കല്‍, പരപ്പനങ്ങാടി നഗരസഭകളിലെ സ്ഥാനാര്‍ത്ഥികള്‍ ഡിസംബര്‍ 30നും, മഞ്ചേരി, മലപ്പുറം നഗരസഭകളിലെ സ്ഥാനാര്‍ത്ഥികള്‍ ഡിസംബര്‍ 31നും, കൊണ്ടോട്ടി, തിരൂരങ്ങാടി നഗരസഭകളിലെ സ്ഥാനാര്‍ത്ഥികള്‍ ജനുവരി നാലിനും, നിലമ്പൂര്‍, പെരിന്തല്‍മണ്ണ നഗരസഭകളിലെ സ്ഥാനാര്‍ത്ഥികള്‍ ജനുവരി അഞ്ചിനുമാണ് കലക്ട്രേറ്റില്‍ ഹാജരാകേണ്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിലെ ഇലക്ഷന്‍ എക്‌സ്‌പെന്റീചര്‍ മോണിറ്ററിംഗ് വിങ്ങില്‍ ലഭിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.