നടിയെ അപമാനിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഷോപ്പിങ് മാളിൽവെച്ച് നേരിട്ട ദുരനുഭവം നടി ഇൻസ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്.

കൊച്ചി: നടിയെ അപമാനിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാൻ അഭിഭാഷകർക്കൊപ്പം എത്തുന്നതിനിടെയാണ് പോലീസ് നടപടി.
കീഴടങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഞായറാഴ്ച രാവിലെ പ്രതികൾ മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

തങ്ങൾ അറിഞ്ഞുകൊണ്ട് നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാപ്പു പറയാൻ തയ്യാറാണെന്നും ഇവർ കൂട്ടിച്ചേർത്തിരുന്നു.
ഷോപ്പിങ് മാളിൽവെച്ച് നേരിട്ട ദുരനുഭവം നടി ഇൻസ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ കളമശ്ശേരി പോലീസിന് നിർദേശം നൽകി. സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.