ബിജെപിയിൽ വിമതപക്ഷത്തെ വെട്ടിനിരത്താൻ നീക്കം.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ സജീവമാകാതെ നിന്ന ശേഷം പാർട്ടിയ്ക്ക് അർഹിക്കുന്ന വിജയം കിട്ടിയില്ലെന്ന തരത്തിൽ ശോഭാ സുരേന്ദ്രൻ വിമർശനം നടത്തിയിരുന്നു

തെരഞ്ഞെടുപ്പിൽ കാര്യമായി നേട്ടമൊന്നുമുണ്ടാക്കാൻ സാധിക്കാത്ത ബിജെപിയിൽ വിമതപക്ഷത്തെ വെട്ടിനിരത്താൻ നീക്കം. ബിജെപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കുന്ന മറ്റ് നേതാക്കളെ മാറ്റിനിർത്തി ശോഭാ സുരേന്ദ്രനെയും പി എസ് ശ്രീധരൻ പിള്ളയെയും മാത്രമായി നേരിടാനുള്ള നീക്കമാണ് പ്രബലമായ വി മുരളീധരൻ-കെ സുരേന്ദ്രൻ വിഭാഗം നടത്തുന്നത്.

 

വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെയാണ് ശോഭാ സുരേന്ദ്രൻ പാർട്ടി പ്രവർത്തന രംഗത്തു നിന്നും മാറി നിൽക്കുന്നതെന്ന് സംസ്ഥാന നേതൃത്വം ആർഎസ്എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ സജീവമാകാതെ നിന്ന ശേഷം പാർട്ടിയ്ക്ക് അർഹിക്കുന്ന വിജയം കിട്ടിയില്ലെന്ന തരത്തിൽ ശോഭാ സുരേന്ദ്രൻ വിമർശനം നടത്തിയിരുന്നു. ഇതിനാൽ മറ്റു നേതാക്കൾക്ക് ഇനിയും ശോഭാ സുരേന്ദ്രനെ പിന്തുണക്കാൻ സാധിക്കില്ലെന്ന വിശ്വാസത്തിലാണ് മറുപക്ഷം.

നിലവിൽ ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രൻ പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിന്ന് പ്രതിഷേധം ഉയർത്തിയ രീതി ശരിയല്ല. ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും യോഗത്തിൽ പങ്കെടുക്കുകയോ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് എത്തുകയോ ചെയ്യാതെ തെരഞ്ഞെടുപ്പിൽ പാർട്ടി പിന്നാക്കം പോയി എന്നു പറഞ്ഞ് രംഗത്ത് വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ചിലർ പ്രവർത്തിച്ചില്ല എന്നത് സത്യമാണെന്നും പക്ഷേ അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിലും പറഞ്ഞു. ശോഭാ സുരേന്ദ്രനെയും ശ്രീധരൻ പിള്ളയെയും മാത്രം ശത്രു പക്ഷത്ത് നിർത്തിയുള്ള യുദ്ധ പുറപ്പാടിലാണ് സുരേന്ദ്രൻ വിഭാഗം. ചുരുക്കം ചിലർ മാത്രമാണ് പ്രവർത്തിക്കാതിരുന്നത്. ഇത്തരം നേതാക്കൾക്കെതിരെ നടപടി ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി യോഗം ചേർന്നതിന് ശേഷം പറയാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വോട്ടു ചെയ്യാൻ പോലും സമയമില്ലാത്ത പിള്ളയ്ക്ക് സഭാ തർക്കം പരിഹരിക്കാൻ പോകാനും കേരളത്തിലെത്തി പാർട്ടിയുടെ ആഭ്യന്തര കലഹത്തിൽ സജീവമായി ഇടപെടാനും സമയമുണ്ടെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.

സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയെന്ന് നിരന്തരം മാധ്യമങ്ങളിൽ വാർത്ത വരുത്തുന്നത് ശോഭയും ശ്രീധരൻ പിള്ളയും ചേർന്നാണെന്ന് സുരേന്ദ്രൻ വിഭാഗം പറയുന്നു. ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനമാണ് ഇവർ നടത്തുന്നതെന്നും കൃഷ്ണദാസിനെ ഉൾപ്പെടെ ഇതിലേക്ക് ഇവർ വലിച്ചിഴയ്ക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

സംഘപരിവാർ ഗ്രൂപ്പുകളിൽ ശോഭയ്ക്കെതിരെ സുരേന്ദ്രൻ വിഭാഗം നടത്തുന്ന പ്രചരണങ്ങളിൽ എതിർപക്ഷത്തുള്ള മറ്റു നേതാക്കളെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ശക്തമായ വിമർശനം ഉയർത്തുന്ന കൃഷ്ണദാസിനെയും ഒ രാജഗോപാലിനെയും ഉൾപ്പെടെ വിമർശിക്കാതെ കുറ്റക്കാർ രണ്ടുപേർ മാത്രമാണെന്ന് സ്ഥാപിച്ച് ശോഭയെ പാർട്ടിക്ക് പുറത്താക്കാനും ശ്രീധരൻ പിള്ളയെ നിശബ്ദനാക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.