നെല്ലിയാമ്പതിയിൽ രണ്ടു യുവാക്കൾ സീതാർകുണ്ട് വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണു.

കാണാതായ യുവാക്കൾക്കായി പോലീസ്, വനം, അഗ്‌നിശമന വിഭാഗങ്ങൾ തിരച്ചിൽ തുടങ്ങി

പാലക്കാട്: കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന പാലക്കാട് നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രത്തിൽ ഞെട്ടിക്കുന്ന അപകടം. വിനോദസഞ്ചാരത്തിന് എത്തിയ രണ്ടു യുവാക്കൾ സീതാർകുണ്ട് വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണു.

ഒറ്റപ്പാലം, മേലൂർ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദൻ എന്നിവരാണ് കൊക്കയിൽ വീണ് കാണാതായത്. മൂവായിരം അടി താഴ്ചയിൽ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലേക്കാണ് ഇരുവരും വീണത്. കാൽവഴുതിയ സന്ദീപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രഘുനന്ദനും കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്ക് ഒപ്പമാണ് ഇരുവരും നെല്ലിയാമ്പതിയിലെത്തിയത്.

കാണാതായ യുവാക്കൾക്കായി പോലീസ്, വനം, അഗ്‌നിശമന വിഭാഗങ്ങൾ തിരച്ചിൽ തുടങ്ങി. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഏഴുമാസം പ്രവേശനം നിരോധിച്ച നെല്ലിയാമ്പതിയിലേക്ക് ഒക്ടോബർ പകുതിയോടെയാണ് വിനോദസഞ്ചാരത്തിന് അനുമതി നൽകിയത്.