മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി

സമൂഹത്തിന് രാഷ്ട്രീയം പ്രധാനമാണ്. എന്നാല്‍ രാഷ്ട്രനിര്‍മാണത്തിന് രാഷ്ട്രീയത്തേക്കാള്‍ പ്രധാനമായ കാര്യങ്ങളുമുണ്ട്.

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭവവും ഓരോ പൗരനുമുള്ളതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലിഗര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പരിച്ഛേദരമാണ്. കോവിഡ് മഹാമാരിയില്‍ ഒരുപാട് ജീവനുകളാണ് സര്‍വകലാശാല രക്ഷിച്ചത്. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തതിലൂടെ, ജനങ്ങള്‍ക്ക് സൗജന്യം ചികിത്സ നല്‍കിയതിലൂടെ കോവിഡ് കാലത്ത് അലീഗര്‍ സുപ്രധാന പങ്കാണ് വഹിച്ചത്- മോദി പറഞ്ഞു.

ഒരു വശത്ത് അവര്‍ അറബി പഠിപ്പിക്കുന്നു. മറുഭാഗത്ത് സംസ്‌കൃത വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു. ഇസ്ലാമിക ലോകവുമായുള്ള ഇന്ത്യയുടെ സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയത് അലീഗര്‍ യൂണിവേഴ്‌സിറ്റിയാണ്.

നരേന്ദ്രമോദി, പ്രധാനമന്ത്രി

മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നത് കുറഞ്ഞു വന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നേരത്തെ അത് എഴുപത് ശതമാനമായിരുന്നു. സ്വാച്ഛ് ഭാരത് അഭിയാനിലൂടെ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞു. അലീഗറിന്റെ സ്ഥാപക ചാന്‍സലര്‍ ഒരു വനിതയായിരുന്നു- ബീഗം സുല്‍ത്താന്‍ ജഹാന്‍.- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രാദേശികത വിഷയങ്ങളില്‍ സാധ്യമായ ഗവേഷണങ്ങള്‍ ചെയ്യണം. ആശയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ദേശീയ ലക്ഷ്യത്തിനു വേണ്ടി എല്ലാ വ്യത്യാസങ്ങളും മാറ്റിവയ്ക്കണം. ഈ മണ്ണില്‍നിന്ന് ഒരുപാട് സ്വാതന്ത്ര്യ സമര സേനാനികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നാണ് അവര്‍ വന്നത്. എന്നാല്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി അവര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവയ്ക്കുകയായിരുന്നു- മോദി കൂട്ടിച്ചേര്‍ത്തു.

‘സമൂഹത്തിന് രാഷ്ട്രീയം പ്രധാനമാണ്. എന്നാല്‍ രാഷ്ട്രനിര്‍മാണത്തിന് രാഷ്ട്രീയത്തേക്കാള്‍ പ്രധാനമായ കാര്യങ്ങളുമുണ്ട്. രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ രാഷ്ട്ര നിര്‍മാണത്തെ കാണരുത്. രാഷ്ട്രീയത്തിന് കാത്തിരിക്കാം. സമൂഹത്തിനും കാത്തിരിക്കാം. എന്നാല്‍ വികസനത്തിന് കാത്തിരിക്കാനാകില്ല. സ്വയം പര്യാപത ഇന്ത്യയെ നിര്‍മിക്കാനുള്ള ശ്രമത്തില്‍ സമയം പാഴാക്കിക്കൂടാ’ – പ്രധാനമന്ത്രി പറഞ്ഞു.