മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ജിസാൻ: സൗദിയിൽ മിനി സൂപർമാർക്കറ്റിൽ (ബഖാല) ജീവനക്കാരനായ മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജീസാന്​ സമീപം അബൂ അരീഷ്​ എന്ന ചെറിയ പട്ടണത്തിലെ കടയിൽ മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ (52) ആണ് മരിച്ചത്. ജോലിക്കിടയിൽ ഇന്ന് പുലർച്ചെയാണ് കഴുത്തിന് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കവർച്ചക്കാർ ആക്രമിച്ചതാണെന്നാണ്​ കരുതുന്നത്​. പ്രതികളിലൊരാൾ പിപിടിയിലായെന്ന്റിപ്പോർട്ട്.

കടയിൽ മുഹമ്മദ്​ ഒറ്റക്കായിരുന്നു. ബുധനാഴ്​ച പുലർച്ചെ മൂന്നോടെയാണ് സംഭവം. കടയിലെത്തിയ അക്രമികൾ ക്ലോസ്​ഡ്​ സർക്യൂട്ട്​ ടിവി കാമറകളുടെ കേബിൾ മുറിക്കാൻ ശ്രമിച്ചപ്പോൾ മുഹമ്മദ്​ അലി അതിനെ തടയാൻ ശ്രമിച്ചെന്നും തുടർന്ന്​ കവർച്ചക്കാർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു എന്നുമാണ്​ നിഗമനമെന്ന്​  റിപ്പോർട്ട്​ ചെയ്യുന്നു. മൃതദേഹം അബൂഅരീഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്​. സഹോദരൻ അഷ്‌റഫ് ഇതേ കടയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോൾ നാട്ടിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയിലെ സി.സി ടി.വി വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്​. സംഭവസ്ഥലം പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.