തെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ചെലവ് പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വഹിക്കണം; കെ സുരേന്ദ്രൻ

കോഴിക്കോട്: എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ജനങ്ങളെ കൊഞ്ഞനംകുത്തുന്ന നിലപാടാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. അനാവശ്യമായി തെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ചെലവ് പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വഹിക്കണമെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും ചെയ്യുന്നത്. ജനങ്ങളുടെ നികുതിപ്പണമെടുത്താണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടത്.

 

മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആവാമെന്ന് ലക്ഷ്യമിട്ടാണ് ആദ്യം നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. പിന്നീട് രാഹുൽ ഗാന്ധിയുടെ കീഴിൽ മന്ത്രിയാവാൻ ഡൽഹിയിലേക്ക് പോയി. അവിടെ ഒന്നും നടക്കില്ലെന്നായപ്പോൾ വീണ്ടും കേരളത്തിലേക്ക് വരികയാണ്. ഇത് ജനങ്ങളെ കളിയാക്കലാണ്.

 

ജനാധിപത്യത്തെ കളിയാക്കുകയാണ് കുഞ്ഞാലിക്കുട്ടിയും യു.ഡി.എഫും ചെയ്യുന്നത്. കോൺഗ്രസിനെ അപ്രസക്തമാക്കി യു.ഡി.എഫ് നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ നീക്കം. ലീഗിന്‍റെ അടിമയായി കോൺഗ്രസ് മാറിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

 

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള നീക്കം സഭയെ അപമാനിക്കലാണ്. അത് സമ്മതിക്കാതിരിക്കാനുള്ളത് ഗവർണറുടെ വിവേചനാധികാരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.