മലയാളിയെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി.

ദമ്മാം: മലയാളിയെ അൽഖോബാറിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പള്ളിക്കൽ നടുവിലേമുറി തറയിൽ കിഴക്കതിൽ ജയകുമാർ ശിവരാജൻ (52) ആണ്​ മരിച്ചത്​. 19 വർഷമായി സൗദിയിലുള്ള ജയകുമാർ ഒമ്പത്​ വർഷമായി പ്രമുഖ കമ്പനിയായ ‘അപകിൽ’ ​പ്രോജക്ട് മാനേജരായി ജോലിചെയ്​ത്​ വരികയായിരുന്നു. കഴിഞ്ഞ ദിവസം ഓഫീസിൽ എത്താതിരുന്ന അദ്ദേഹത്തെ മറ്റ്​ ചില ആവശ്യങ്ങൾക്കായി സഹപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ തനിക്ക്​ ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയിൽ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു.

എന്നാൽ പിന്നീട്​ ഫോണിൽ ലഭ്യമാകാതെ വന്നതോടെ സഹപ്രവർത്തകർ താമസസ്ഥലത്ത്​ അന്വേഷിച്ചെത്തിയപ്പോഴാണ്​ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്​. കൂടെ താമസിക്കുന്നയാൾ രാവിലെ ജോലിക്ക്​ പോകു​ബോൾ ആശുപത്രിയിലേക്ക്​ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലകസ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. ഭാര്യ: റജിമോൾ​. മകൻ: ജിതിൻ​. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.