അബുദാബി പോലീസ്; ജനുവരി ഒന്ന് മുതൽ പുതിയ സംവിധാനം
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതും പിടിക്കാനുള്ള പുതിയ സംവിധാനം അബുദാബിയിൽ പുതുവർഷം മുതൽ നിലവിൽ വരും.
റോഡപകടങ്ങൾ കുറക്കാനും തലസ്ഥാന നഗരിയിൽ ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ‘വെഹിക്കുലർ അറ്റൻഷൻ ആന്റ് സേഫ്റ്റി ട്രാക്കർ’ (വാസ്റ്റ്) സംവിധാനമാണ് നിലവിൽ വരുന്നത്. ഇക്കാര്യം അബുദാബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
മലയാളം, അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിലായി പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് ജനുവരി ഒന്ന് മുതൽ പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കൂടുതൽ വ്യക്തതയുള്ള ക്യാമറയും നിർമിത ബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചു കൊണ്ടുള്ള സംവിധാനത്തിലൂടെയാണ് ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരെയും സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരെയും പിടികൂടുക. കുറ്റക്കാരായ ഡ്രൈവർമാർക്ക് എസ്.എം.എസ് വഴി അറിയിപ്പ് കിട്ടും.