മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കാസർകോട്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവ്രത്തകന് ഔഫിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ ഇർഷാദ് കസ്റ്റഡിയിൽ. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇർഷാദ്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു.
ആക്രമണത്തില്‍ ഔഫിൻ്റെ ഹൃദയധമനിയിൽ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാർന്ന് ഉടൻ മരണം സംഭവിക്കാൻ ഇത് കാരണമായി. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കൊലപാതകത്തിൽ നാല് പേർക്ക് നേരിട്ട് പങ്കെന്ന് വിവരം. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നാണ് സൂചന. മുഖ്യസാക്ഷി ഷുഹൈബ് മൊഴിയിൽ പരാമർശിച്ച മുണ്ടത്തോട് സ്വദേശികളായ രണ്ട് പേരെയാണ് ആദ്യം പ്രതി ചേർക്കുക. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാനെ മുസ്ലീം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 27 വയസായിരുന്നു.