മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ തെറ്റായ രീതികളെ ചോദ്യം ചെയ്താൽ അതെങ്ങനെ വർഗീയതയാകുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ തെറ്റായ രീതികളെ ചോദ്യം ചെയ്താൽ അതെങ്ങനെ വർഗീയതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മുസ്‌ലിങ്ങളുടെയാകെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ട. വർഗീയ കാർഡിറക്കി തങ്ങൾക്കു വന്നിട്ടുള്ള അപചയം പരിഹരിക്കാമെന്ന് ലീഗ് വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാറപ്രം സമ്മേളനത്തിന്റെ 81ാം വാർഷികം പിണറായി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

വെൽഫെയർപാർട്ടിയുമായി കൂട്ടുകെട്ടുപാടില്ലെന്ന അഖിലേന്ത്യാ കോൺഗ്രസിന്റെ നയം ദുർബലമായെങ്കിലും പറയാൻ ശ്രമിച്ചയാളാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതിനാൽ മുല്ലപ്പള്ളി അവിടെ ഉണ്ടാകാൻ പാടില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വം എടുത്തത്. ഒരു മുന്നണിയിലെ ഏതെങ്കിലും പാർട്ടിയുടെ, സ്വാധീനമുള്ളതോ ഇല്ലാത്തതോ ഏതുമാകട്ടെ നേതൃത്വം ഇന്നയാൾ ആകണമെന്ന് പറയാനുള്ള അവകാശം മറ്റൊരു പാർട്ടിക്കുണ്ടോ,ഇവിടെ അങ്ങനെ പറയാനുള്ള ഔദ്ധത്യം ലീഗിന് എങ്ങനെയുണ്ടായി, അത് ചോദ്യം ചെയ്താൽ എങ്ങനെയാണ് വർഗീയതയാവുക? മുഖ്യമന്ത്രി ചോദിച്ചു. തെറ്റ് സ്വന്തം പാർട്ടിയിലും ജനങ്ങൾക്കുമുന്നിലും പറയാനുള്ള ആർജവമാണ് ലീഗ് നേതൃത്വം കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.