വാഹനരേഖകള്‍ പുതുക്കാനുള്ള കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.

 

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. നേരത്തെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹനങ്ങളുടെ ഉടമകള്‍ അടക്കം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇത് നാലാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടുന്നത്. ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഡിസംബര്‍ വരെ കാലാവധി നീട്ടിയത്.

 

സ്വകാര്യ ബസുടമകള്‍ അടക്കമുള്ള വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സ്വകാര്യ ബസുടമകള്‍ ഒരു ലക്ഷത്തോളം രൂപ ചെലവഴിക്കണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരുമാനം കുറവാണ്. ഈ പശ്ചാത്തലത്തില്‍ ഒരു ലക്ഷം രൂപ എടുക്കേണ്ടി വരുന്നത് അമിത സാമ്പത്തിക ഭാരമായി മാറുമെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.