പൊന്നാനി നഗരസഭ ചെയര്‍മാൻ ശിവദാസന്‍ ആറ്റുപുറത്ത്

പൊന്നാനി: ശനിയാഴ്ച്ച ചേര്‍ന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശിവദാസന്റെ പേര് നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച്ച ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പൊന്നാനി നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഇത്തവണ എസ്.സി സംവരണമാണ്.

തീരദേശ മേഖലയായ നാല്‍പത്തിനാലാം വാര്‍ഡ് നായാടി കോളനിയില്‍ നിന്നാണ് ശിവദാസന്‍ വിജയിച്ചത്. 103 വോട്ടിനായിരുന്നു വിജയം. മുപ്പത് വര്‍ഷം നഗരസഭ സര്‍വീസില്‍ ജീവനക്കാരനായിരുന്നു ശിവദാസന്‍ 2019ലാണ് വിരമിച്ചത്. 21 വര്‍ഷവും പൊന്നാനി നഗരസഭയിലെ ജീവനക്കാരനായിരുന്നു. ഹയര്‍ ഗ്രേഡ് ഹെഡ് ക്ലാര്‍ക്കായാണ് വിരമിച്ചത്.

 

ജനകീയ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍വ്വസമ്മതനായിരുന്ന ശിവദാസന്‍ രണ്ട് പതിറ്റാണ്ടിലേറെ ജോലി ചെയ്ത നഗരസഭ കാര്യാലയത്തില്‍ തന്നെയാണ് നഗരപിതാവായെത്തുന്നത്.

 

ബോട്ടണി ബിരുദധാരിയായ ശിവദാസന്‍ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. നഗരസഭ ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യുവിന്റെ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് സെക്രട്ടറിയാണ്. കിലയുടെ ഫാക്കല്‍റ്റിയാണ്.

 

ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണത്തിലെത്തുന്ന പൊന്നാനി നഗരസഭയുടെ ചെയര്‍മാന്‍ എന്ന പ്രത്യേകത ശിവദാസനുണ്ട്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൊന്നാനി നഗരസഭ ചെയര്‍മാനുമാണ്. 51 അംഗ നഗരസഭയില്‍ 38 വാര്‍ഡുകള്‍ നേടിയാണ് എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലെത്തിയത്. ഇത്രയേറെ ഭൂരിപക്ഷവും പൊന്നാനിയുടെ ചരിത്രത്തിലാദ്യമാണ്. 1977ല്‍ നഗരസഭ രൂപീകൃതമായ ശേഷം മാറിമാറിയായിരുന്നു നഗരഭരണം.

 

തീരദേശ മേഖലയില്‍ നിന്നുള്ള മൂന്നാമത്തെ നഗരസഭ ചെയര്‍മാനാണ് ശിവദാസന്‍. ആദ്യ നഗരസഭ കൗണ്‍സിലിലെ ഇ.കെ അബൂബക്കറായിരുന്നു തീരദേശത്തു നിന്നുള്ള ആദ്യ ചെയര്‍മാന്‍. പിന്നീട് ഇ.കെ.ഇമ്ബിച്ചിബാവയുടെ പത്നി ഫാത്തിമ്മ ഇമ്ബിച്ചിബാവ അഴീക്കല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച്‌ ചെയര്‍പേഴ്സണായി.