നവകേരള നിര്‍മിതിക്ക് കരുത്തേകി മുഖ്യമന്ത്രിയുടെ പര്യടനം വികസന മുന്നേറ്റത്തിന് മലപ്പുറത്തിന്റെ പിന്തുണ

അഴിമതി ഇല്ലതാക്കിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

മലപ്പുറം: പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ സാമൂഹ്യ-സാംസ്‌കാരിക- വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ പറയാത്ത ഒട്ടനേകം കാര്യങ്ങളും ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ പദ്ധതികളും നാടിന്റെ വലിയ വികസനത്തിന് സഹായിച്ചിട്ടുണ്ട്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. വികസനത്തിന്റെ ഗുണം ലഭിക്കാത്ത ആരും തന്നെ സമൂഹത്തിലുണ്ടാവുകയില്ല. നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിതകേരള മിഷന്‍ നാടിന്റെ മുഖഛായ മാറ്റി

 

സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരള മിഷന്‍ നാടിന്റെ മുഖഛായ മാറ്റിയ പദ്ധതിയാണ്. മാലിന്യ മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള നടപടികളാണ് ആവിഷ്‌ക്കരിക്കുന്നത്. ധാരാളം നദികളും തോടുകളും കുളങ്ങളും കായലുകളുമുള്ള നമ്മുടെ നാട് ജലസമൃദ്ധമാണെങ്കിലും ശുദ്ധജല ലഭ്യത കുറവാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ജലസ്രോതസുകള്‍ പുനരുദ്ധരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ ജലസ്രോതസുകളില്‍ നിന്ന് വെള്ളം കൈകൊണ്ട് കോരി കുടിക്കാവുന്ന തരത്തില്‍ മാറ്റിയെടുക്കും. ആദ്യഘട്ടത്തില്‍ കുളിക്കാനെങ്കിലും പറ്റുന്ന തരത്തില്‍ ഇവയെല്ലാം മാറ്റിയെടുക്കും.

 

കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി

 

കാര്‍ഷികരംഗത്ത് ഈ സര്‍ക്കാര്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പാക്കിയത്.പച്ചക്കറി ഉത്പാദനത്തിലും ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിലും വന്‍ വര്‍ധനവുണ്ടായി. പച്ചക്കറി ഉത്പാദനം ഏഴ് ലക്ഷം ടണില്‍ നിന്ന് 15 ലക്ഷം ടണ്ണായി വര്‍ധിപ്പിച്ചു. തരിശ് രഹിത കേരളം സമീപ ഭാവിയില്‍ യാഥാര്‍ത്ഥ്യമാക്കും. വീട്ടു മുറ്റത്തെ പച്ചക്കറി പ്രോത്സാഹിപ്പിച്ചതിലൂടെ പച്ചക്കറി ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. തുടര്‍ന്നും ഇത്തരത്തിലുള്ള സഹായങ്ങളും പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ തുടരും. കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കാര്‍ഷിക മേഖലയിലെ പുരോഗതി പൂര്‍ണമാവില്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. സുഭിക്ഷ കേരളം പദ്ധതി ഇതിന്റെ തുടക്കമാണ്.

പൊതുവിദ്യാഭ്യാസം സ്മാര്‍ട്ടായി

 

സംസ്ഥാന ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്ത മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലും കോളജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തിന്റെ ഏത് മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വിദ്യാഭ്യാസം വീടിന്റെ തൊട്ടടുത്ത് തന്നെ ലഭ്യമാക്കി. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കി. അഞ്ച് ലക്ഷം കുട്ടികളെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് പുതുതായി കൊണ്ടുവരാനും സര്‍ക്കാരിന് സാധിച്ചു. ഇതിലൂടെ തൊഴില്‍ നഷ്ടം ഇല്ലാതാക്കാനും കഴിഞ്ഞു.

 

ലോകത്തിന് മാതൃകയായി ആരോഗ്യ മേഖല

 

ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം കാതലായ പരിഷ്‌ക്കരണങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിലൂടെ സംസ്ഥാനത്തെ ആരോഗ്യ രംഗം ലോകത്തിന് തന്നെ മാതൃകയായി. നിപ്പയും കോവിഡും നേരിടുന്നതില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തി. കോവിഡെന്ന മഹാമാരിക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍ തന്നെ പകച്ചു നിന്നപ്പോള്‍ ആധുനിക ചികിത്സാ രീതികള്‍ പ്രയോജനപ്പെടുത്തി കേരളം അതിജീവിച്ചു. ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആരോഗ്യ സംവിധാനങ്ങള്‍ പരിഷ്‌ക്കരിച്ചു. ഇത് കോവിഡിനെ നേരിടുന്നതില്‍ സഹായകമായി.

 

ജീവിതം നല്‍കി ‘ലൈഫ് ‘

 

ലൈഫ് പദ്ധതിയിലൂടെ വീടും ജീവിതവും നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. സുരക്ഷിതമായി താമസിക്കാനുള്ള വീടു നല്‍കിയതോടൊപ്പം ജീവിതോപാധി കൂടി പ്രദാനം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിയതിലൂടെ 10 ലക്ഷം ആളുകള്‍ക്കാണ് സുരക്ഷിതമായി താമസിക്കാനുള്ള വഴിയൊരുക്കിയത്. മുന്‍പ് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാതെയാണ് പലരും കടന്നു പോയതെങ്കില്‍ ഇപ്പോള്‍ ദ്രുതഗതിയിലാണ് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. ബാക്കിയുള്ളവര്‍ക്കു കൂടി ലൈഫ് പദ്ധതിയിലൂടെ വീടിന് അപേക്ഷിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവര്‍ക്കും ഉടന്‍ വീട് നല്‍കും.

 

വ്യാവസായിക മേഖലയില്‍ സമൂല പരിഷ്‌ക്കരണം

 

വ്യാവസായിക മേഖലയില്‍ പുരോഗതി ഉറപ്പുവരുത്തുന്നതിന് വിവിധ തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. വ്യാവസായിക പുരോഗതി ഉറപ്പുവരുത്തുന്നതിനും സൗഹാര്‍ദ്ദ അന്തരീക്ഷമുണ്ടാക്കുന്നതിനും കാലഹരണപ്പെട്ട ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും സര്‍ക്കാര്‍ ഭേദഗതി ചെയ്തു. വ്യാവസായിക മേഖലയ്ക്ക് ഉണര്‍വും ഊര്‍ജവുമേകാന്‍ സര്‍ക്കാരിനായിട്ടുണ്ട്. 30 ദിവസത്തിനകം വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 31-ാം ദിവസം അനുമതി ലഭിച്ചതായി കണക്കാക്കി വ്യവസായങ്ങള്‍ ആരംഭിക്കാം. പിന്നീട് മൂന്നുവര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. ഈ നിയമം വലിയ മാറ്റങ്ങളുണ്ടാക്കിയതോടൊപ്പം വ്യവസായ സൗഹൃദ അന്തരീക്ഷം നമ്മുടെ സംസ്ഥാനത്തുണ്ടാക്കാനും സാധിച്ചു. ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധരായിട്ടുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ മാത്രമേ കേരളത്തില്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. വ്യാവസായിക പുരോഗതിയിലൂടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിക്കും. ഐ.ടി മേഖലയില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കേരളത്തിലാണ്. ഇങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. വരും നാളുകളില്‍ കൂടുതല്‍ മുന്നേറാന്‍ നമുക്ക് സാധിക്കുമെന്നും അതിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അഴിമതി ഇല്ലതാക്കിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രാജ്യത്തിനകത്തും പറുത്തുമുള്ള പല വന്‍കിട സംരംഭകരും ഇതിനകം കേരളത്തിലെത്തി. പലരും നിക്ഷേപം തുടങ്ങാന്‍ സന്നദ്ധത അറിയിച്ചു. നാടിന് ചേര്‍ന്ന വ്യവസായമേ പറ്റൂ എന്നതില്‍ മാത്രമാണ് സര്‍ക്കാരിന് നിര്‍ബന്ധം.

 

ജില്ലയുടെയും സംസ്ഥാനത്തിന്റെയും

സമഗ്രവികസനത്തിനുതകുന്ന നിര്‍ദേശങ്ങളുമായി പ്രമുഖര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ സാമൂഹ്യ-സാംസ്‌കാരിക- വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജില്ലയുടെയും സംസ്ഥാനത്തിന്റെയും സമഗ്രവികസനത്തിനുതകുന്ന നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി മുമ്പാകെ പ്രമുഖര്‍ സമര്‍പ്പിച്ചത്. 13 പേര്‍ സദസില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. 120 ഓളം ആളുകള്‍ വിശദമായി എഴുതി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സൂക്ഷ്മമായി വിലയിരുത്തി മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തി. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിലും നയരേഖയിലും ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത് ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വന്യമൃഗ ശല്യത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. കാര്‍ഷിക വിള നശിപ്പിക്കുന്നത് തടയുന്നതിന് തുടര്‍ നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കും. കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയം. വയോജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതയോ പക്ഷാപാതിത്വമോ സര്‍ക്കാര്‍ കാണിക്കുകയില്ല. എല്ലാ വിഭാഗക്കാരെയും പരിഗണിക്കും. വ്യാപാരികള്‍ക്ക് ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തി സഹായം നല്‍കുന്നത് പരിഗണനയിലുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വീടും സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുകയാണ് സര്‍ക്കാര്‍ നയം.

 

നാക് അക്രഡിറ്റേഷനുള്ള കോളജുകള്‍ക്ക് മാത്രമേ പുതിയ കോഴ്‌സ് അനുവദിക്കാന്‍ സാധിക്കുകയുള്ളുയെന്നത് രാജ്യത്താകാമാനമുള്ള നിയമങ്ങളുടെ ഭാഗമായുള്ള സ്ഥിതിയാണ്. എങ്കിലും സര്‍ക്കാര്‍ സാധ്യമായത് ചെയ്യും. നമ്മുടെ നാട്ടിലെ കുട്ടികള്‍ പുറത്ത് പോയി പഠിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് കൂടുതല്‍ കോഴ്‌സുകള്‍ സംസ്ഥാനത്ത് തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ഔഷധ കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.

 

സംവരണ വിഷയത്തില്‍ അര്‍ഹതപ്പെട്ട ഒരു വിഭാഗത്തിന്റെയും ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ട്ടപ്പെടില്ല. പട്ടികജാതി-പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതുപോലെ മറ്റ് വിഭാഗക്കാര്‍ക്കും നടത്തുന്നതിന്റെ സാധ്യത പരിശോധിക്കും. സ്റ്റാറ്റിയൂട്ടറി പോസ്റ്റുകളില്‍ നിയമനം നടത്തുന്നതും പരിഗണിക്കും. അന്ധവിശ്വാസം നിര്‍മാര്‍ജനം ചെയ്യുന്നതിനായി നിയമനിര്‍മാണം പരിഗണനയില്ലെങ്കിലും ആവശ്യമായ ബോധവത്ക്കരണം നടത്തുന്നതിനും നടപടി സ്വീകരിക്കും. നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. കായിക പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. സ്‌കൂള്‍ ഗ്രൗണ്ടുകള്‍ കായികപരിശീലനത്തിന് ഉപയോഗിക്കണമെന്നത് നല്ല നിര്‍ദേശമാണെന്നും ഇത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. മാലിന്യം കത്തിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും. ദുരഭിമാന കൊല ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ ബോധവത്ക്കരണം നടത്തും. മലപ്പുറം കലക്ടറേറ്റില്‍ കാലോചിതമായ സൗകര്യങ്ങള്‍ ഇപ്പോഴില്ലെന്നും ഇത് പരിഹരിക്കുന്നതിന് റവന്യൂ ടവര്‍ നിര്‍മിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. സാഹിത്യ-സാംസ്‌ക്കാരിക നായകര്‍ക്കായി മ്യൂസിയം പരിഗണിക്കും. ടൂറിസം മേഖലകള്‍ക്കൊന്നായി ഒരു ആപ്പ് എന്നതും ഗുണനിലവാരമനുസരിച്ച് റേറ്റിങ് എന്നതും പ്രാവര്‍ത്തികമാക്കാവുന്ന ആശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് സര്‍ക്കാരും മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനും പരമാവധി ശ്രമിച്ചിട്ടുണ്ട്. ചിലരുടെ നിസഹകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസമായി നില്‍ക്കുന്നത്. മരണപ്പെട്ടവരോടു പോലും അനാദരവ് കാണിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പ്രശ്‌നപരിഹാരത്തിന് തുറന്ന ചര്‍ച്ചയും സമീപനവും അനിവാര്യമാണ്.

 

സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണമെന്നത് സവര്‍ണ മേധാവികള്‍ ഉന്നയിക്കുന്നതാണ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെയാണ് സാമൂഹിക ഉന്നമനം സാധ്യമായിട്ടുള്ളത്. ഈ കീഴ് വഴക്കം അട്ടിമറിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിലൂടെ മറ്റുള്ളവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ടപ്പെടില്ല. പാവപ്പെട്ടവര്‍ക്ക് ഒരു താങ്ങ് എന്നതാണ് സര്‍ക്കാര്‍ നയം. താഴ്ന്ന വിഭാഗക്കാര്‍ക്ക് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കി. പിന്നീട് ഇന്ത്യാ ഗവണ്‍മെന്റും നിയമം നടപ്പാക്കി.

സംവരണമേ വേണ്ട എന്ന നിലപാട് രാജ്യത്ത് ഒരു വിഭാഗത്തിനുണ്ട്. അത് അംഗീകരിക്കാനാവില്ല. സമൂഹത്തില്‍ നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സംവരണം നടപ്പാക്കിയത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യമായിരുന്നു. ആ സാമൂഹ്യാവസ്ഥ പരിഗണിച്ചാണ് സംവരണം നടപ്പാക്കിയത്. പിന്നാക്കക്കാരില്‍ സമ്പന്നരുണ്ട്. ഇവരെ ഒഴിവാക്കാനാണ് ക്രീമിലിയര്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സംവരണ സീറ്റില്‍ അര്‍ഹര്‍ ഇല്ലെങ്കില്‍ അത് ആ വിഭാഗത്തിലെ ക്രീമിലിയര്‍ വിഭാഗത്തിലെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് നിലപാട്. സംവരണം ആവശ്യമില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ആമുഖ പ്രഭാഷണത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ഓര്‍മപ്പെടുത്തി മുഖ്യമന്ത്രിയുടെ ലഘു പ്രസംഗം. തുടര്‍ന്ന് സംവാദത്തില്‍ കൃഷി, വ്യവസായം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം, മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ പങ്കുവച്ചു. സംവരണമുള്‍പ്പെടെ വിഷയങ്ങളില്‍ വിവിധ മത സാമുദായിക നേതാക്കളും അഭിപ്രായം പങ്കിട്ടു. എല്ലാത്തിനും ചുരുങ്ങിയ വാക്കുകളില്‍ മറുപടി.

 

ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനായി. ഗവ.ചീഫ് വിപ്പ് കെ.രാജന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍, പ്ലാനിങ് ബോര്‍ഡ് അംഗം രാജ് കുമാര്‍, എ.വിജയരാഘവന്‍, ഇ.എന്‍ മോഹന്‍ദാസ,്പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ, പി.പി വാസുദേവന്‍, പി .കെ സൈനബ, എ.പി അബ്ദുള്‍ വഹാബ്, നിലമ്പൂര്‍ ആയിഷ, കവി ആലങ്കോട് ലീലാകൃഷ്ണന്‍, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഹുസൈന്‍ രണ്ടത്താണി, ഫുട്ബോള്‍ താരങ്ങളായ യു. ഷറഫലി, അനസ് എടത്തൊടിക, എന്നിവര്‍ പങ്കെടുത്തു.