പുതുവത്സരാഘോഷങ്ങള്‍ക്ക് എതിരല്ല, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; പിടിമുറുക്കി പൊലീസ്

വരും ദിവസങ്ങളില്‍ രണ്ടായിരത്തോളം പോലീസുകാരെ കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി സുരക്ഷയുടെ ഭാഗമായി വിന്യസിക്കും

കൊച്ചി: കോവിഡ് വ്യാപനം ഉയരുമ്പോഴും പുതുവത്സരാഘോഷങ്ങള്‍ക്ക് ഇക്കുറിയും കുറവുണ്ടാകില്ല എന്ന നിഗമനത്തിലാണ് പോലീസ്. അതു കൊണ്ടുതന്നെ കനത്ത ജാഗ്രതയിലാണ് കൊച്ചി നഗരം. കൊവിഡ് പരിഗണിച്ച് സര്‍ക്കാര്‍തല പരിപാടികളും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ സംഘടനകളും പല ഗ്രൂപ്പുകളും ആഘോഷങ്ങളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പോലീസ് ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആഘോഷങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ എല്ലാം കര്‍ശനമായി പാലിക്കണമെന്നുമാണ് പോലീസ് പറയുന്നത്. വരും ദിവസങ്ങളില്‍ രണ്ടായിരത്തോളം പോലീസുകാരെ കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി സുരക്ഷയുടെ ഭാഗമായി വിന്യസിക്കും. ക്രിസ്മസ് തലേന്നു ബ്രോഡ്വെയിലും കൊച്ചിയിലുമായി ഈ രീതിയില്‍ പോലീസ് ഇടപെടല്‍ ഉണ്ടായിരുന്നു.

വിപണിയെ ബാധിക്കാത്ത രീതിയില്‍ ആയിരുന്നു പോലീസ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. ഇക്കുറി ബാറുകള്‍ തുറന്ന സാഹചര്യം പോലീസ് പ്രത്യേകമായി പരിഗണിക്കുന്നുണ്ട്. നേരത്തെ നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ ബാറുകള്‍ തുറന്നിട്ടില്ലാത്തതിനാല്‍ വലിയ തലവേദനകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്.

ഇപ്പോള്‍ നഗരത്തിലെ മിക്കവാറും എല്ലാ ബാറുകളും തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണ്. അതുകൊണ്ടു തന്നെ ഈ പരിസരങ്ങളില്‍ നിരീക്ഷണങ്ങള്‍ കര്‍ശനമാക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്. സിറ്റി കമ്മീഷണറേറ്റ് പരിധിയില്‍ രണ്ടായിരത്തിലധികം പോലീസുകാരെ വിന്യസിക്കും. ആളുകള്‍ കൂട്ടം കൂടുന്ന തരത്തിലുള്ള പാര്‍ട്ടികള്‍ മുഴുവനായി തന്നെ തടയും.

 

ലഹരിമരുന്നുകളുടെ വിതരണം പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ സജീവമാകുമെന്ന എന്ന രഹസ്യ റിപ്പോര്‍ട്ടും പൊലീസിന് കിട്ടിയിട്ടുണ്ട് . കഴിഞ്ഞ ദിവസങ്ങളില്‍ വാഗമണ്ണില്‍ നടന്ന ഡിജെ പാര്‍ട്ടിയിലെ അറസ്റ്റിലായവര്‍ക്കുള്ള കൊച്ചി ബന്ധവും പോലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ മോഡലുകള്‍ക്കും സംഘാടകര്‍ക്കും കൊച്ചിയിലെ മയക്കുമരുന്ന് റാക്കറ്റുമായി സജീവ ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

 

അതുകൊണ്ടുതന്നെ ഹോട്ടലുകളും സ്വകാര്യ ഗ്രൂപ്പുകളും നടത്തുന്ന പുതുവത്സര നിശാ പാര്‍ട്ടികളില്‍ പോലീസ് പരിശോധനയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതിനകം തന്നെ ഇത്തരത്തിലുള്ള പാര്‍ട്ടികളുടെ മുഴുവന്‍ വിവരവും പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ആഘോഷങ്ങള്‍ അതിരുവിടാതെ നോക്കണമെന്നും യാത്രകള്‍ പരമാവധി ചുരുക്കണമെന്നും സിറ്റി പോലീസ് തന്നെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സാമൂഹിക അകലം, സാനിറ്റേഷന്‍, മാസ്‌ക് തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട് . നഗരത്തില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. വ്യാപാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പരിസരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും പ്രത്യേക നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതെല്ലാം സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ ഉടന്‍ പൊലീസ് പുറത്തിറക്കും.

നഗരത്തിലെ സ്ഥിരം കുറ്റവാളികളുടെ ഒരു പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. അത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകള്‍ക്കും കൈമാറി. ഇവരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്യാനുള്ള നിര്‍ദേശവും സിറ്റി പൊലീസ് കമ്മീഷണര്‍ നല്കിയിട്ടുണ്ട്.