നാളെ മുതൽ പൊന്നാനി ഹാർബറിൽ ടോൾ ഏർപ്പെടുത്താൻ തീരുമാനം.
പൊന്നാനി: ഫിഷിങ് ഹാര്‍ബറില്‍ ബോട്ടുകള്‍ അടുപ്പിക്കാനും ഹാര്‍ബറില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി പ്രവേശിക്കാനും ഇനി ടോള്‍ നല്‍കണം. ജനുവരി ഒന്നു മുതല്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി.
ടോള്‍ ഏര്പ്പെടുത്തുന്നതിെന്റ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.
ജില്ലയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കുവേണ്ടിയാണ് പുതുവര്‍ഷം മുതല്‍ ടോള്‍ ഏര്‍പ്പെടുത്തുന്നത്.
ഇതിെന്റ ഭാഗമായി ഗേറ്റിന് മുന്നില്‍ ടോള്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു.ഗേറ്റിെന്റ കിഴക്കുഭാഗത്ത് ജങ്കാര്‍ യാത്രക്കാര്‍ക്ക് പ്രവേശിക്കാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ക്കും തുടക്കമായി. ടോള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ടെന്‍ഡര്‍ നടപടികള്‍ നേരത്തെതന്നെ പൂര്‍ത്തീകരിച്ചിരുന്നു. 32.1 ലക്ഷം രൂപക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്.
ഒരുവര്‍ഷമാണ് ടോള്‍ കാലാവധി. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ടെന്‍ഡര്‍ നടക്കും. ബോട്ടുകള്‍ക്ക് 60, ചെറുവള്ളങ്ങള്‍ക്ക് 50, വാഹനങ്ങള്‍ക്ക് 15 മുതല്‍ 85 രൂപ വരെയാണ് തുക.
ടോള്‍ വരുമാനത്തില്‍നിന്നുള്ള നിശ്ചിതതുക ഹാര്‍ബറിലെ വികസനപ്രവര്ത്തനങ്ങള്ക്കുതന്നെ വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
നൂറുകണക്കിന് ബോട്ടുകള്‍ ദിനംപ്രതിയെത്തുന്ന ഹാര്‍ബറിലെ അടിസ്ഥാന സൗകര്യവികസനത്തിന് ടോള്‍ ഏര്‍പ്പെടുത്തുന്നത് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടല്‍.