ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ടതായി സൂചന
രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു
എടപ്പാൾ: ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ടതായി സൂചന. കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
എടപ്പാളിൽ മൊബൈൽ കട നടത്തിയിരുന്ന പന്താവൂർ പെരുമുക്ക് കിഴക്കേവളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദിനെ(25)യാണ് 2020 ജൂൺ ആറുമുതൽ കാണാതായിരുന്നത്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും വട്ടംകുളം സ്വദേശികളുമായ മേനോൻപറമ്പിൽപടി എബിൻ (27), അധികാരത്ത് വളപ്പിൽ സുഭാഷ് (35) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പൂജാരിയായ സുഭാഷ് ഒരു ക്ഷേത്രത്തിൽ കോടികൾ വിലമതിക്കുന്ന ഒരു പഞ്ചലോഹവിഗ്രഹമുണ്ടെന്നും അതെടുത്തുതരാമെന്നും വിശ്വസിപ്പിച്ച് ഇർഷാദിൽനിന്ന് പലവട്ടം പണം കൈപ്പറ്റിയിരുന്നു.
കുറെകഴിഞ്ഞിട്ടും വിഗ്രഹം നൽകാത്തതിനെത്തുടർന്ന് ഇവരോടു കയർത്ത ഇർഷാദിനോട് സംഭവദിവസം മൂന്നുലക്ഷം രൂപയുമായി വന്നാൽ വിഗ്രഹം എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഇവർക്കൊപ്പം പണവുമായി കാറിൽ പുറപ്പെട്ട ഇർഷാദിനെ വട്ടംകുളത്തെ ഒരു ലോഡ്‌ജിലെത്തിച്ചു.
കുറച്ച് പൂജാദികർമങ്ങൾ ചെയ്യാനുണ്ടെന്നു വിശ്വസിപ്പിച്ച് ഇർഷാദിന്റെ സമ്മതത്തോടെതന്നെ കൈകാലുകൾ ബന്ധിച്ചു.
ക്രിയകൾക്കിടയിൽ ആവിപിടിക്കുന്ന സ്റ്റീമറിലൂടെ ക്ലോറോഫോം നൽകി ബോധംകെടുത്താൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെത്തുടർന്ന് ബൈക്കിന്റെ സൈലൻസറും മറ്റായുധങ്ങളുമുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തുടർന്ന് എടപ്പാളിലെ പൂക്കരത്തറ, അയിലക്കാട് മേഖലയിലെ ഏതോ കിണറ്റിൽ മൃതശരീരം തള്ളിയശേഷം ഇർഷാദിനെ കാണാനില്ലെന്നുപറഞ്ഞ് സാധാരണപോലെ നടക്കുകയായിരുന്നുവെന്ന് കേസന്വേഷണത്തിന് നേതൃത്വംനൽകിയ ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ പറഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം ജോലിയാവശ്യാർഥം കോഴിക്കോട്ടേക്ക് പോകുകയാണെന്നായിരുന്നു ഇർഷാദ് വീട്ടിൽ പറഞ്ഞിരുന്നത്. പിന്നീട് കാണാതായതോടെ വീട്ടുകാർ ചങ്ങരംകുളം പോലീസിൽ പരാതിനൽകുകയും പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു.
ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയ സുഹൃത്തുക്കളെ പലവട്ടം ചോദ്യംചെയ്തെങ്കിലും വ്യക്തമായ വിവരമൊന്നും ലഭിച്ചില്ലെങ്കിലും പോലീസ് ഇവരറിയാതെ ഇവരുടെ നീക്കങ്ങളും മൊബൈൽനമ്പറും പിന്തുടർന്നതാണ് കേസിന് തുമ്പുണ്ടാക്കിയത്.
ശനിയാഴ്ച മൃതദേഹാവശിഷ്ടത്തിനായി പരിശോധന നടത്തും. മലപ്പുറം പോലീസ് മേധാവിയുടെ നിർദേശാനുസരണം തിരൂർ ഡിവൈ.എസ്.പി സുരേഷ്ബാബു, ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ, എസ്.ഐമാരായ ഹരിഹരസൂനു, ജയപ്രകാശൻ, പ്രമോദ്, ഷിജിമോൻ, വിജിത്, ഇക്ബാൽ, ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.