എ.പി.ജെ. അബ്ദുൾകലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യഭവനമൊരുങ്ങുന്നു

തിരൂർ: ജീവിതത്തിൽ ദുരിതംപേറിക്കഴിയുന്ന ഒരുകൂട്ടർക്ക് ആശ്വാസവുമായി തിരൂരിലെ എ.പി.ജെ. അബ്ദുൾകലാം ചാരിറ്റബിൾ ട്രസ്റ്റ്. അർബുദരോഗബാധിതർ, ശരീരം തളർന്നവർ, വിധവകൾ, അനാഥർ തുടങ്ങിയവർക്ക് അന്തിയുറങ്ങാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്ത് വീടുകളൊരുക്കുന്നു. ഏകദേശം എട്ടുലക്ഷം രൂപ ചെലവിൽ 650 സ്ക്വയർ ഫീറ്റിലുള്ള വീടുകളാണ് ജനകീയകൂട്ടായ്മയിൽ നിർമിച്ചുനൽകുക. പത്തു വീടുകളിലും താമസമാക്കുന്ന നിർധനർക്കുവേണ്ട ഭക്ഷ്യവസ്തുക്കളും സഹായങ്ങളും ട്രസ്റ്റ് നൽകും.

നഗരസഭാപരിധിയിൽ എസ്.എസ്.എം. പോളിടെക്നിക്കിന് പടിഞ്ഞാറുവശമുള്ള 40 സെന്റ് ഭൂമിയാണ് പത്ത് കുടുംബങ്ങൾക്ക് നാലു സെന്റുവീതം വീതിച്ചുനൽകുന്നത്. ഇവിടെയാണ് വീടൊരുക്കുക. ബിസിനസുകാരനായ കോഹിനൂർ നൗഷാദ് എ.പി.ജെ. ട്രസ്റ്റിന് നൽകിയ 75 സെന്റ് ഭൂമിയിൽ 40 സെന്റിൽ നിർധനർക്ക് വീടൊരുക്കുന്നതോടൊപ്പം അഞ്ചുസെന്റ് സ്ഥലത്ത് ഗ്രന്ഥാലയവും വായനശാലയും പ്രാർഥനാമന്ദിരവും നിർമിക്കും. 30 സെന്റിൽ ജനകീയ കൂട്ടായ്മയിൽ ഡയാലിസിസ് കേന്ദ്രവും വൃദ്ധരായ അനാഥ സ്ത്രീകൾക്കും ആരോരുമില്ലാത്ത കുട്ടികൾക്കുമായി സ്വപ്നവീടെന്ന വൃദ്ധസദനവും അനാഥമന്ദിരവും തുടങ്ങുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

 

വീടുനിർമിക്കുന്ന സ്ഥലത്തിന്റെ രേഖകൾ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് വീടുനിർമിക്കുന്ന സ്ഥലത്തുവെച്ച് ഗുണഭോക്താക്കൾക്ക് മന്ത്രി കെ.ടി. ജലീൽ കൈമാറും. സി. മമ്മൂട്ടി എം.എൽ.എ. അധ്യക്ഷതവഹിക്കും. തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ മുഖ്യാതിഥിയാകും.

 

എ.പി.ജെ. അബ്ദുൾകലാം ട്രസ്റ്റ് ഇതുകൂടാതെ വിവിധ പഞ്ചായത്തുകളിലായി നാലു വീടുകളുടെ നിർമാണവും നടത്തിവരുന്നുണ്ടെന്ന് ഭാരവാഹികളായ പ്രസിഡന്റ് കെ. ഷെരീഫ, ജനറൽസെക്രട്ടറി നാലകത്ത് ഫിറോസ്, മുജീബ് താനാളൂർ, കുറ്റിയിൽ സുശീല എന്നിവർ പറഞ്ഞു.