സിഗരറ്റ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍.

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കുമെന്നാണ് ബില്ലിന്റെ കരടില്‍ പറയുന്നത്.

ന്യൂഡൽഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍ . പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസ്സില്‍ താഴെയുള്ളയാള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ പരിധിയിലോ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്. പുകയില ഉത്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമം 2003ലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്.

നിലവില്‍ 18 വയസ്സാണു പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതിക്കു പിന്നില്‍. പുകയില നിരോധന നിയമത്തിന്റെ 7ാം വകുപ്പും ഭേദഗതി ചെയ്തു. നിയമം തെറ്റിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും ഒരു ലക്ഷം വരെ പിഴയും ഈടാക്കിയേക്കും.

 

ഇതിനു പുറമേ നിര്‍ദേശിച്ചിരിക്കുന്നതിലും വളരെ കുറച്ച്‌ അളവില്‍ പുകയില ഉത്പന്നങ്ങള്‍ നേരിട്ടോ അല്ലാതെയോ വില്‍ക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകരമാണെന്ന വ്യവസ്ഥ കൂടി ചേര്‍ക്കും. ഇത് ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവും പിഴയും അനുഭവിക്കേണ്ടി വരും.

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കുമെന്നാണ് ബില്ലിന്റെ കരടില്‍ പറയുന്നത്. ഇതു കൂടാതെ പുകയില ഉത്പന്നങ്ങളുടെ പരസ്യത്തിലും മറ്റും പങ്കാളിയാകുന്നതും പുകയില ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമായി കണക്കാക്കും