പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു

കെട്ടിട നിർമ്മാണത്തിന്റെ തുടർ പ്രവൃത്തികൾ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു

കുറ്റിപ്പുറം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളാണ് ആശുപത്രിയിലെത്തിയത്.

ആശുപത്രിയുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അടിയന്തിരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായാണ് ജനപ്രതിനിധി സംഘം ആശുപത്രിയിലെത്തിയത്.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം, എം.എൽ.എയുടെ ശുപാർശ പ്രകാരം ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച 40 ലക്ഷം എന്നിവയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായും ഈ തുക ഉപയോഗിച്ച് മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിട നിർമ്മാണത്തിന്റെ തുടർ പ്രവൃത്തികൾ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.

ആശുപത്രി മുറ്റം ഇന്റർലോക്ക് ചെയ്യുന്നതിന്റെ ആദ്യ ഘട്ട പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഇ. സഹീർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി.എസ് പൂക്കോയ തങ്ങൾ, റമീന ചക്കുവളപ്പിൽ , ജാബിർ മാസ്റ്റർ, കെ.ടി.ഹമീദ്, വി.പി.അഷ്റഫലി, സാബ കരീം, എന്നിവർ പങ്കെടുത്തു