വാക്സിനേഷനിൽ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി നൽകുന്ന ഒന്നാംഘട്ട വാക്സിനേഷനിൽ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിമാരുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്. രാഷ്ട്രീയക്കാർ അവരുടെ അവസരത്തിനായി കാത്തു നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

എംപിമാരെയും എംഎൽഎമാരും പോലുള്ള ജനപ്രതിനിധികളെ ആദ്യ ഘട്ടത്തിൽ വാക്സിനേഷനായി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹരിയാണ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

നവംബർ 24-ന് മുഖ്യമന്ത്രിമാരരുമായി പ്രധാനമന്ത്രി അവസാനമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എംഎൽഎമാർക്കും എംപിമാർക്കും മുൻഗണന നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി അന്ന് ഇതിനോട് പ്രതികരിച്ചില്ല. പിന്നീട് സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജ് ഇതേ കാര്യം ഉന്നയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതി. അപ്പോഴും പ്രതികരണമുണ്ടായില്ല.

വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ബിഹാർ, ഒഡീഷ ആരോഗ്യ മന്ത്രിമാർ പഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധികളെ കോവിഡ് മുന്നണി പോരാളികളായി കണക്കാക്കി ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

രാജ്യത്തെ എല്ലാവർക്കും ഒരേ സമയം കുത്തിവെക്കാനാവില്ലെന്ന് ഹർഷ് വർദ്ധൻ അന്നു തന്നെ വ്യക്തമാക്കുകയുണ്ടായി. സർക്കാർ മുൻഗണനാ ഗ്രൂപ്പുകളെ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

ഒരു കോടിയോളമുള്ള ആരോഗ്യപ്രവർത്തകരും പോലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി രണ്ടു കോടിയോളം കോവിഡ് മുന്നണി പ്രവർത്തകരുമാണ് ആദ്യ ഘട്ട വാക്സിനേഷനിൽ സർക്കാറിനെ മുൻഗണനാ പട്ടികയിലുള്ളത്. ഇവർക്ക് സൗജന്യമായിട്ടായിരിക്കും വാക്സിൻ ലഭിക്കുക.

സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങുന്നത് സംബന്ധിച്ചും ഇന്ന് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ‘സംസ്ഥാന സർക്കാരുകൾ സ്വന്തമായി വാങ്ങുകയാണെങ്കിൽ കമ്പനികൾക്ക് വിലനിർണ്ണയത്തിന്റെ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും. കേന്ദ്ര സർക്കാരിനെ പോലെ ഒരു ഏജൻസി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് നല്ലത്. ഇതായിരിക്കും രാജ്യത്തിന് നല്ലത്’ പ്രധാനമന്ത്രി പറഞ്ഞു.