ലക്ഷങ്ങള്‍ വിലവരുന്ന മാരക രാസലഹരിമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍.

കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന മാരക രാസലഹരിമരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.കാക്കനാട് ചിറ്റേത്തുകര ഭാഗത്തു നിന്നുമാണ് മാരക ലഹരിമരുന്നായ എംഡിഎംയുമായി കൊച്ചി,വെണ്ണല, ചക്കരപറമ്പ്, തയ്യോത്ത് വീട്ടില്‍ ഷിഹാബ്(44), മലപ്പുറം, കോട്ടക്കല്‍, വാളക്കുളം മാറ്റന്‍ വീട്ടില്‍ ജുനൈദ് എന്നിവര്‍ പോലിസിന്റെ പിടിയാലായത്. പ്രതികള്‍ വില്‍പനക്കായി കൊണ്ടുവന്ന അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന 45 ഗ്രാം എംഡിഎംഎ യും പ്രതികളില്‍ നിന്ന് കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

കൊച്ചി നഗരത്തില്‍ ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റെ ശക്തമായ നടപടികളുടെ ഭാഗമായി ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ശേഖരിച്ച ക്രിമിനല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര ,കാക്കനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഡാന്‍സാഫും,തൃക്കാക്കര പോലിസും ചേര്‍ന്ന് ആഴ്ചകളായി നടത്തിയ രഹസ്യ പരിശോധനകള്‍ക്കിടയിലാണ് ഇവര്‍ പിടിയിലായത്.

 

അയല്‍ സംസ്ഥാനങ്ങളിലെ ലഹരി മാഫിയ ബന്ധങ്ങള്‍ ഉപയോഗിച്ച് കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ച് വിദ്യാര്‍ഥികളെയും യുവാക്കളെയും വില്‍പനക്കാരായി ഉപയോഗിക്കുന്നത് ഷിഹാബാണ്. രണ്ടു കോടിയോളം രൂപ വിലവരുന്ന വീട്ടില്‍ ഇദ്ദേഹം തനിച്ചാണ് ജീവിക്കുന്നത്. കൊച്ചിയിലെ ലഹരിമരുന്നിന്റെ വലിയ താവളമായിരുന്നു ഈ വീട്. കൊച്ചിയുടെ കിഴക്കന്‍ മേഖലകളില്‍ മയക്കുമരുന്നിന്റെ വന്‍ കച്ചവടകേന്ദ്രങ്ങളുടെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഷിഹാബെന്നും പോലിസ് പറഞ്ഞു.ജുനൈദ് നിരവധി കേസിലെ പ്രതിയാണ്. മലപ്പുറത്ത് നാലുകിലോഗ്രാം കഞ്ചാവുമായി പിടികൂടിയ കേസ് ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

 

 

കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രേ ന്റെ നിര്‍ദ്ദേശപ്രകാരം അസി. കമ്മീഷണ്‍ കെ എ അബ്ദുള്‍ സലാം, ഇന്‍സ്‌പെക്ടര്‍ വിനോദ് ഡാന്‍സാഫ് , എസ് ഐ ജോസഫ് സാജന്‍,തൃക്കാക്കര എസ് ഐ ജസ്റ്റിന്‍,എസ് ഐ വിഷ്ണു ,എസ് ഐ ഹരോള്‍ഡ് ജോര്‍ജ്ജ്,സീനിയര്‍.സിപിഒ രഞ്ചിത്ത്. ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കൊച്ചി പോലിസ് കമ്മീഷണറേറ്റ്, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ കുറച്ചുകാലമായി കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.തൃക്കാക്കര പോലിസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്ന് കമ്മീഷണര്‍ അറിയിച്ചു.