വേഷം മാറി പോലീസുകാർ, മുംതാസിന്റെ ലോഡ്ജിൽ വെച്ച് ഷാജഹാനെ പിടികൂടി
പിടിയിലായപ്പോഴും പോലീസാണെന്ന് വെളിപ്പെടുത്തിയിട്ടും കള്ളന് അത് വിശ്വാസമായിരുന്നില്ല.
താനൂർ: കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂർ, തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ അർധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാൾ ഒടുവിൽ പിടിയിലായി. ഒഴൂർ കുട്ടിയമാക്കാനകത്തു വീട്ടിൽ ഷാജഹാ(55)നെയാണ് താനൂർ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
2020 ഒക്ടോബർ മുതലാണ് താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടത്താണി, മഞ്ഞളാംപടി, പത്തമ്പാട്, മൂച്ചിക്കൽ, മീനടത്തൂർ, താനാളൂർ ഭാഗങ്ങളിൽ ഒരാൾ മുഖം മറച്ച്, ഷർട്ട് ധരിക്കാതെ, ബാഗ് തോളിൽ തൂക്കി കൈയിൽ ആയുധവുമായി സ്ഥിരമായി രാത്രി കറങ്ങി നടന്നത്. ഈ കാഴ്ച പലയിടങ്ങളിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാനായില്ല. കടകളുടെ പൂട്ടുകൾ തകർക്കുക, സി.സി.ടി.വി. ക്യാമറകൾ തകർക്കുക, വീടുകളുടെ വാതിലുകളും ഗ്രില്ലുകളും പൊളിക്കുക എന്നിങ്ങനെയായി ദിവസവും വിവിധ സംഭവങ്ങളുണ്ടായത് നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി.
ഒക്ടോബർ 15-ന് പുലർച്ചെ പത്തമ്പാട് പാനാട്ടുവീട്ടിൽ മുഹമ്മദുകുട്ടിയുടെ റഹീന ക്വാർട്ടേഴ്സിൽ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ടു പൊളിച്ച് കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ കഴുത്തിൽ നിന്നും ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും രണ്ട് മൊബൈൽ ഫോണുകളും ഉൾപ്പടെ 51000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. 17-ന് പുലർച്ചെ മൂച്ചിക്കൽ താമസിക്കുന്ന കറ്റത്തിൽ വീട്ടിൽ അനൂപിന്റെ വീട്ടിലും സമാനരീതിയിൽ മോഷണംനടന്നു. കിടപ്പുമുറിയിലെ ഷെൽഫിനകത്തു ബാഗിൽ സൂക്ഷിച്ചിരുന്ന 1.7 ലക്ഷം രൂപയും പേഴ്സിലുണ്ടായിരുന്ന ആറായിരം രൂപയുമാണ് അന്ന് കവർന്നത്.
ഒക്ടോബർ 15 മുതൽ താനൂർ പോലീസ് ഇൻസ്പെക്ടർ പ്രമോദ്, എസ്.ഐ. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. സലേഷ്, സബറുദ്ധീൻ എന്നിവരും നാട്ടുകാരും ട്രോമാകെയർ വൊളന്റിയർമാരും ഊഴമിട്ട് കള്ളനെ കാത്തിരുന്നു. മഫ്തിയിലും യൂണിഫോമിലുമായി രാത്രിമുഴുവൻ പട്രോളിങ് നടത്തി. പല സ്ഥലത്തും കള്ളനെ കണ്ടുവെങ്കിലും എല്ലാവരെയും കബളിപ്പിച്ച് അതിവിദഗ്ധമായി ഇയാൾ രക്ഷപ്പെട്ടു. അടുത്ത ദിവസം പരിസരത്തെ മറ്റേതെങ്കിലും വീട്ടിൽ വാതിൽ തകർത്ത് മോഷണം തുടർന്നു.
കുമാരൻ പടിയിലെ ക്വാർട്ടേഴ്സിൽ നിന്നും പത്തമ്പാട്ടെ ഒരു വീട്ടിൽനിന്നും മൊബൈൽ ഫോണുമായും കടന്നു. പോലീസിനെ വെല്ലുവിളിച്ചിറങ്ങിയ കള്ളനെ പിടിക്കാൻ പോലീസിനൊപ്പം നാട്ടുകാരും ഒരുമാസത്തോളം രാത്രി കാവലിരുന്നു. ഇതിനിടെ നവംബർ 15-ന് താനൂർ ജങ്ഷനിൽ ലോട്ടറിക്കട പൊളിച്ചു രണ്ടുലക്ഷം രൂപയുടെ ലോട്ടറിയും പണവും കവർന്നത് ഇയാളാണോ എന്ന സംശയവും ഉണ്ടായി.
പോലീസിന്റെ നിഴൽ കാണുമ്പോഴേക്കും രക്ഷപ്പെട്ടുപോകുന്ന ഷാജഹാനെ കുരുക്കാൻ അന്വേഷണ സംഘാംഗങ്ങളായ സലേഷും സബറുദ്ധീനും പോയത് വേഷംമാറി. അസൈൻ കോയ തങ്ങളും ഉസൈൻ കോയ തങ്ങളുമായി ഏർവാടിയിലെത്തിയ ഇവർ മുംതാസ് എന്ന സ്ത്രീയുടെ ലോഡ്ജിൽ താമസിക്കുന്ന ഷാജഹാനെ കണ്ടെത്തി. പിടിയിലായപ്പോഴും പോലീസാണെന്ന് വെളിപ്പെടുത്തിയിട്ടും കള്ളന് അത് വിശ്വാസമായിരുന്നില്ല.
സൗകര്യപ്രദമായി മോഷ്ടിക്കുന്നതിന് താനൂർ മൂച്ചിക്കലിലെ ആളില്ലാത്ത ഒരുവീട്ടിൽ ഒമ്പതുദിവസം താമസിച്ചു. പണിനടക്കുന്ന മറ്റൊരു വീടിന്റെ മുകൾ നിലയിലും കഴിഞ്ഞു. കഞ്ഞിയായിരുന്നു പ്രധാന ഭക്ഷണം. മോഷണം കഴിഞ്ഞാൽ ബാഗിൽ കരുതിയ വസ്ത്രങ്ങളണിഞ്ഞ് അത്തറ് പൂശി കൂളായി നടന്നു പോകും. സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ ടി.വി. ചാനലുകളിൽ വന്നതോടെ ബാഗ് തോളിലണിയുന്നതിന് പകരം കൈയിലേക്ക് മാറ്റുകയും ചെയ്തു.