മലബാര്‍ എക്‌സ്പ്രസിലെ തീ; പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

ബൈക്കുകളില്‍ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കാസര്‍കോഡ്: മലബാര്‍ എക്‌സ്പ്രസിന്റെ ലഗേജ് വാനില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കാസര്‍ഗോഡ് സ്‌റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലയുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് പാലക്കാട് ഡിവിഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

ബൈക്കുകളില്‍ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ ലോഡ് ചെയ്യുമ്പോള്‍ പെട്രോള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

ഇന്ന് രാവിലെ 7.45നാണ് സംഭവം നടന്നത്. യാത്രക്കാരാണ് പുക ഉയരുന്നത് ആദ്യം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ചങ്ങല വലിച്ച് റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തി. അരമണിക്കൂറിനുള്ളില്‍ തീയണച്ചു.