പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം.

ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർ, പൊലീസ് എന്നിവർക്കെതിരെയാണ് പ്രധാന ആരോപണം.

മലപ്പുറം: പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്. സംഭവത്തിൽ 44 പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. 20 പേരെ അറസ്റ്റ് ചെയ്തു.

 

പതിമൂന്ന് വയസ് ആയിരിക്കെ 2016 ലാണ് പെൺകുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. ചൈൽഡ് ലൈൻ ഇടപെട്ട് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിക്കുകയും കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തെങ്കിലും പിന്നീട് ബന്ധുക്കൾക്ക് തന്നെ കൈമാറി. 2017 ൽ വീണ്ടും പീഡനത്തിന് ഇരയായതോടെ പെൻകുട്ടിയെ വീണ്ടും ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ സാമൂഹിക അന്തരീക്ഷം സുരക്ഷിതമെന്ന ചൈൽഡ്‌ പ്രൊട്ടക്ഷൻ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വീണ്ടും ബന്ധുക്കൾക്ക് കൈമാറി. ഇത് വലിയ ദുരന്തത്തിലാണ് കലാശിച്ചത്. ഇരുപത്തിയൊമ്പതിൽ അധികം ആളുകളിൽ നിന്നാണ് പെണ്കുട്ടിക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.

സംഭവത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 32 ആയി. 44 പേരാണ് പ്രതികൾ. 20 പേരെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ മൂന്ന് സിഐമാരും 7 എസ്‌ഐമാരും ഉൾപ്പെടുന്ന പ്രത്യേക സംഘം കേസ് അന്വേഷിക്കും.

 

പോക്സോ കേസിൽ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കുകയും തുടർ കൗൺസിലിംഗ് നൽകുകയും ചെയ്യണമെന്നാണ് നിയമം. ഇത് പാടെ അവഗണിക്കപ്പെട്ടു. ചൈൽഡ്‌ പ്രൊട്ടക്ഷൻ ഓഫിസർ, ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർ, പൊലീസ് എന്നിവർക്കെതിരെയാണ് പ്രധാന ആരോപണം.