വ്യാജമദ്യവില്‍പന ചോദ്യം ചെയ്തതിന് പരപ്പനങ്ങാടി സി ഐ ദ്രോഹിക്കുന്നെന്ന് കുടുംബത്തിന്റെ പരാതി.

തിരൂരങ്ങാടി: വ്യാജമദ്യവില്‍പന ചോദ്യം ചെയ്തതിന് പരപ്പനങ്ങാടി സി ഐ ദ്രോഹിക്കുന്നെന്ന് കുടുംബത്തിന്റെ പരാതി. തിരൂരങ്ങാടിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കുടുംബം പോലിസിനെതിരേ ഗുരുതരമായ ആരോപണമുന്നയിച്ചത്. വള്ളിക്കുന്ന് അരിയല്ലൂര്‍ എംവിഎച്ച് എസിന് സമീപം താമസിക്കുന്ന ഖാലിദും ഭാര്യ സഫ്‌വത്തുമാണ് പരാതിക്കാര്‍.

ഇവര്‍ താമസിക്കുന്ന ലൈന്‍ കോര്‍ട്ടേഴ്‌സിലെ തൊട്ടടുത്ത മുറിയില്‍ വ്യാജമദ്യവില്‍പന നടക്കുന്നുവെന്നാണ് കുടുംബം പറയുന്നത്. അവിടെ താമസിക്കുന്നതിന് പ്രയാസം നേരിട്ടപ്പോള്‍ പരപ്പനങ്ങാടി പോലിസിനെ സമീപിച്ചു. മൂന്ന് പേര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. എന്നാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാതെ തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്വരക്ഷക്ക് വേണ്ടി സ്ഥാപിച്ച സിസിടിവിയും നശിപ്പിച്ചു. മദ്യ വില്‍പ്പനക്കാരെ സഹായിക്കുന്നതിനു പിന്നില്‍ ബിജെപി നേതാക്കളാണെന്നും അവരുടെ താല്‍പ്പര്യപ്രകാരമാണ് പോലിസ് തങ്ങളെ വേട്ടയാടുന്നതെന്നും അവര്‍ പറഞ്ഞു.

 

തൊട്ടടുത്ത വാടക മുറിയിലെ വാഹനങ്ങള്‍ പരാതിക്കാരുടെ മക്കള്‍ നശിപ്പിച്ചുവെന്നാണ് പോലിസ് പറയുന്നത്. അത് വ്യാജപരാതിയാണെന്നും കുടുംബത്തെക്കൊണ്ട് നഷ്ടപരിഹാരം കൊടുപ്പിക്കാന്‍ പോലിസ് ശ്രമിക്കുന്നുവെന്നും ഇതിനെതിരെ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.