ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.

തൃശൂര്‍: തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി വാര്‍ഡില്‍ യു.ഡി.എഫിന് വിജയം. എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രാമനാഥനാണ് 998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. രാമനാഥന്‍ 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിലെ അഡ്വ മഠത്തില്‍ രാമന്‍കുട്ടി 1049 വോട്ടുകള്‍നേടി. പുല്ലഴി ഡിവിഷന്‍ യു.ഡി.എഫ് വിജയിച്ചതോടെ തൃശൂര്‍ കോര്‍പറേഷന്‍ നിലവില്‍ 24 സീറ്റുകളുമായി എല്‍.ഡി.എഫും യു.ഡി.എഫും തുല്യനിലയിലായി. കോണ്‍ഗ്രസ് വിമതനായി വിജയിച്ച എം.കെ വര്‍ഗീസിന്റെ കാരുണ്യത്തിലാണ് നിലവില്‍ എല്‍.ഡി.എഫ് ഭരണം.

 

കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.സി വാസന്തിയാണ് 27 വോട്ടിന് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 532വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 511 വോട്ടും ലഭിച്ചു. മാവൂര്‍ പഞ്ചായത്ത് നിലവില്‍ യു.ഡി.എഫാണ് ഭരിക്കുന്നത്.

 

ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കളമശ്ശേരി നഗരസഭയിലെ 37 ആം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ അട്ടിമറി ജയം. എൽഡിഎഫ്‌ സ്ഥാനാർഥി റഫീഖ്‌ മരയ്‌ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌.25 വര്‍ഷമായി യുഡിഎഫ് ജയിക്കുന്ന വാര്‍ഡാണ്.

യുഡിഎഫിലെ ലീഗ്‌ സ്ഥാനാർഥി സമീലിനെയാണ്‌ റഫീഖ്‌ തോൽപ്പിച്ചത്‌. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. സ്വതന്ത്ര സ്ഥാനാർഥി തെള്ളിയിൽ ജെ മാത്യുവിന്റെ മരണത്തെ തുടർന്നാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചത്‌.

 

42 വാർഡുകളുള്ള നഗരസഭയിൽ യുഡിഎഫ് -19, എൽഡിഫ് -18, യുഡിഎഫ് വിമതർ രണ്ട് , സ്വതന്ത്ര ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് വിമതനും സ്വതന്ത്ര അംഗവും എൽഡിഎഫിനെയും, ഒരു യുഡിഎഫ് വിമതൻ യുഡിഎഫിനെയും പിന്തുണച്ചതോടെ മുന്നണികളുടെ കക്ഷിനില 20-20 എന്ന നിലയിലായി. തുടർന്ന് നറുക്കപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു.

സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫ്‌ സ്ഥാനാർത്ഥി രോഹിത് എം പിള്ളയാണ് കോൺഗ്രസിലെ കെ വർഗ്ഗീസിനെ 464 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ്‌ വാർഡാണിത്‌.

 

എൻഡിഎ സ്ഥാനാർത്ഥി മഹേശൻ 182 വോട്ടുകൾ നേടി. എൽഡിഎഫിന് 13 ഉം ബിജെപിക്ക്  6 ഉം  യുഡിഎഫിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.