Fincat

എം.എസ്.പി ഫുട്‌ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും- മുഖ്യമന്ത്രി

വർണ്ണാഭമായ പരിപാടികളോടെ എം.എസ്.പി നൂറാം വാര്‍ഷികത്തിന് തുടക്കം

മലപ്പുറം:മലബാർ സ്പെഷ്യൽ പൊലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപം നൽകിയ നിർമാണ ക്ഷേമ പ്രവർത്തനങ്ങളിൽ

എം.എസ്.പി കേന്ദ്രീകരിച്ച് സ്ഥാപിക്കാൻ ഉദേശിക്കുന്ന ഫുട്‌ബോൾ അക്കാദമി സർക്കാരിന്റെ പരിഗണനയിലാണെന്നും  അധികം താമസിയാതെ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

1 st paragraph

മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച സെന്റിനറി ഗേറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

2nd paragraph

ഇതോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് എം.എസ്.പിയിൽ തുടക്കമായി. പൊലീസ് ഓര്‍ക്കസ്ട്ര തയ്യാറാക്കിയ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ തീം സോങ്ങും ചടങ്ങില്‍ ആലപിച്ചു.

എം.എസ്.പി നൂറാം വാർഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് നിലവിൽ വരുന്ന പൊലീസ് മ്യൂസിയം എം.എസ്.പിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ എം.എസ്.പിയുടെ ആഭിമുഖ്യത്തിൽ100 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാനുള്ള നിർദേശവും പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ മികവിന്റെയും സാങ്കേതിക വിദ്യയുടെയും പ്രായോഗികതയിൽ കേരള പൊലീസിന്റെ സ്ഥാനം ഏറ്റവും ഉയർന്നതാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പൊലീസ് സേനയിലേക്ക് വന്നതാണ് ഇതിന്റെ മുഖ്യ കാരണം. സാങ്കേതിക വിദ്യയിലടക്കം ഉയർന്ന ബിരുദം നേടിയ പൊലീസുകാരെ അവർക്ക് യോജിച്ച മേഖലയിൽ നിയോഗിച്ച് അവരുടെ കഴിവും വൈവിധ്യവും പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസ് മ്യൂസിയം, ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്ക്, മൊബൈല്‍ എക്‌സിബിഷന്‍, തെരുവ് നാടകം, എം.എസ്.പി. സെന്റിനറി സ്റ്റാമ്പ്, എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നടത്തുന്ന കേരള പൊലീസ് ബാന്‍ഡ് ഷോ, എം.എസ്.പി സെന്റിനറി ലോഗോ, എം.എസ്.പി സ്‌കൂളില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, ഫുട്ബോള്‍ അക്കാദമി, എം.എസ്.പി ആശുപത്രി പുതുക്കി പണിയല്‍, ജില്ലയിലെ വിവിധ പൊലീസ് യൂണിറ്റുകളിലെ സേനാംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എം.എസ്.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

1921 സെപ്റ്റംബര്‍ 30ന് മലപ്പുറം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട മലബാര്‍ സ്പെഷ്യല്‍ പൊലീസ് നാടിന് പൊതുവായും പൊലീസ് സേനയ്ക്കും നല്‍കിയ സംഭാവനകള്‍ ഏറെയാണ്. 1962ലെ ഇന്ത്യ ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ ആര്‍മിയോടൊപ്പം മലബാര്‍ സ്പെഷ്യല്‍ പൊലീസും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ആംഡ് പൊലീസ് ബാറ്റലിയന്റെ ഭാഗമായി ലോ ആന്‍ഡ് ഓര്‍ഡര്‍, വി.ഐ.പി സെക്യൂരിറ്റി, ട്രാഫിക് മാനേജ്‌മെന്റ്, പൊലീസ് ട്രെയിനിങ്, കമാന്‍ഡോ ട്രെയിനിങ്, ശബരിമല തീര്‍ഥാടനം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങി നിരവധി പൊലീസ് സേവനങ്ങള്‍ നിര്‍വഹിക്കുന്നു. എം.എസ്പിയുടെ ആരംഭ കാലഘട്ടത്തില്‍ ജില്ലയിലെ നിലമ്പൂര്‍, അരീക്കോട്, ക്ലാരി, പാണ്ടിക്കാട്, മേല്‍മുറി എന്നിവിടങ്ങളില്‍ ഡിറ്റാച്ച്‌മെന്റ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ മലപ്പുറം ഹെഡ് ക്വാര്‍ട്ടേസിന് പുറമെ നിലമ്പൂര്‍, മേല്‍മുറി ഡിറ്റാച്ച്‌മെന്റ് ക്യാമ്പുകളിലായാണ് മലബാര്‍ സ്പെഷ്യല്‍ പൊലീസ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് കാലത്തും പ്രളയ സമയത്തും എം.എസ്.പി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

സംസ്ഥാന പൊലീസ് മേധാവി ലോകനാഥ്‌ ബെഹ്‌റ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായി. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് കെ.പദ്മകുമാർ, ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.