കുത്തേറ്റ് മരിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ സമീർ ബാബുവിന്റെ അകാല വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഭാര്യ
മലപ്പുറം: കീഴാറ്റൂർ രാഷ്ട്രീയ വൈരാഗ്യം കുടുംബ വഴക്കായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് മരിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ സമീർ ബാബുവിന്റെ അകാല വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഭാര്യ ഷിഫ്ന. ആറ് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
മൂന്നുമാസം ഗർഭിണിയായ ഷിഫ്നയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്ക് വാക്കുകളില്ല. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശികമായുണ്ടായ അസ്വാരസ്യങ്ങൾ ഒരു യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചെന്ന് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഒറവംപുറം അങ്ങാടിയിൽ ‘ആര്യാടൻ സ്റ്റോഴ്സ്’ എന്ന പലചരക്ക് കട നടത്തുകയായിരുന്നു സമീർ. ആദരസൂചകമായി വ്യാഴാഴ്ച അങ്ങാടിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു.
ഒറവംപുറം അങ്ങാടിയിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഘർഷമുണ്ടായത്. ഗുരുതര പരിക്കേറ്റ സമീറിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു.
സംഭവത്തിൽ നാലുപേരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒറവംപുറം കിഴക്കുംപറമ്പിൽ നിസാം (22), കിഴക്കുംപറമ്പിൽ മോയിൻ ബാപ്പു (47), കിഴക്കുംപറമ്പിൽ മജീദ് എന്ന ബാഷ (39), ഐലക്കര യാസർ എന്ന കുഞ്ഞാണി (21) എന്നിവരാണ് പിടിയിലായത്.
ബന്ധുവിനെ റോഡിൽ മർദിക്കുന്നത് കണ്ട സമീർ തൊട്ടടുത്തുള്ള തന്റെ പലചരക്ക് കടയിൽനിന്ന് ഓടിയെത്തുകയായിരുന്നു. തുടർന്നാണ് കുത്തേറ്റത്.