കുത്തേറ്റ്​ മരിച്ച മുസ്​ലിം ലീഗ്​ പ്രവർത്തകൻ സമീർ ബാബുവി​ന്റെ അകാല വിയോഗത്തിൽ കണ്ണീരണിഞ്ഞ്​ ഭാര്യ

മലപ്പുറം: കീഴാറ്റൂർ രാഷ്​ട്രീയ വൈരാഗ്യം കുടുംബ വഴക്കായതിനെ തുടർന്നുണ്ടായ​ സംഘർഷത്തിൽ കുത്തേറ്റ്​ മരിച്ച മുസ്​ലിം ലീഗ്​ പ്രവർത്തകൻ സമീർ ബാബുവി​ന്റെ അകാല വിയോഗത്തിൽ കണ്ണീരണിഞ്ഞ്​ ഭാര്യ ഷിഫ്​ന. ആറ്​ മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

മൂന്നുമാസം ഗർഭിണിയായ ഷിഫ്​നയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്ക്​ വാക്കുകളില്ല. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ പ്രാദേശികമായുണ്ടായ അസ്വാരസ്യങ്ങൾ ഒരു യുവാവി​ന്റെ കൊലപാതകത്തിൽ കലാശിച്ചെന്ന്​ നാട്ടുകാർക്ക്​ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഒറവംപുറം അങ്ങാടിയിൽ ‘ആര്യാടൻ സ്​റ്റോഴ്​സ്’​ എന്ന പലചരക്ക്​ കട നടത്തുകയായിരുന്നു സമീർ. ആദരസൂചകമായി വ്യാഴാഴ്​ച അങ്ങാടിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു.

ഒറവംപുറം അങ്ങാടിയിൽ ബുധനാഴ്​ച രാത്രി 9.30 ഓടെയാണ്​ സംഘർഷമുണ്ടായത്​. ഗുരുതര പരിക്കേറ്റ സമീറിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു.

സംഭവത്തിൽ നാലുപേരെ മേലാറ്റൂർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഒറവംപുറം കിഴക്കുംപറമ്പിൽ നിസാം (22), കിഴക്കുംപറമ്പിൽ മോയിൻ ബാപ്പു (47), കിഴക്കുംപറമ്പിൽ മജീദ് എന്ന ബാഷ (39), ഐലക്കര യാസർ എന്ന കുഞ്ഞാണി (21) എന്നിവരാണ്​ പിടിയിലായത്​.

ബന്ധുവിനെ റോഡിൽ മർദിക്കുന്നത്​ കണ്ട സമീർ തൊട്ടടുത്തുള്ള ത​ന്റെ പലചരക്ക്​ കടയിൽനിന്ന്​ ഓടിയെത്തുകയായിരുന്നു. തുടർന്നാണ്​ കുത്തേറ്റത്​.