വിജയരാഘവന്റെ പ്രസ്താവന കപട മതേരവാദിയുടേത്; മല്ലപ്പള്ളി
പാണക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ മുസ്ലിം ലീഗിനെതിരെ നടത്തിയ പ്രസ്താവന മതേതര പക്ഷത്തുള്ളവർക്ക് വേദനയുണ്ടാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കപടമതേതരവാദിയുടെ ഹൃദയത്തിൽ നിന്നാണ് അത്തരം പ്രസ്താവനകൾ വരികയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തിയത് യു.ഡി.എഫ് വർഗീയതയോട് സമരസപ്പെടുന്നതിന് തെളിവാണെന്ന് വിജയരാഘവൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
മുസ്ലിം ലീഗിനെ ആക്ഷേപിക്കുന്നവർ ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു. തില്ലങ്കേരിയിലെയടക്കം വോട്ടുകണക്കുകൾ പരിശോധിച്ചാൽ ആർ.എസ്.എസും സി.പി.എമ്മും തമ്മിലെ ധാരണ ബോധ്യപ്പെടും. സി.പി.എമ്മുമായുള്ള ബന്ധം വത്സൻ തില്ലങ്കേരിയടക്കം തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്‍റെ മതേതര നിലപാട് 50 വർഷമായി തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും ആ പാർട്ടി ഒരു മതാധിഷ്ഠിത പാർട്ടിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.