വാട്സാപ്പിൽ നിന്നും ചാറ്റുകൾ ടെലഗ്രാമിലേക്ക് കൊണ്ടുവരാൻ സാധിക്കും

ന്യൂയോർക്ക്: വാട്സാപ്പിൽ നിന്നും മറ്റ് മെസേജിങ് ആപ്പുകളിൽ നിന്നും ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾ ടെലഗ്രാമിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന മൈഗ്രേഷൻ ടൂളുമായി ടെലഗ്രാമിന്റെ പുതിയ അപ്ഡേറ്റ്. ആൻഡ്രോയിഡിലേക്കുള്ള ടെലഗ്രാമിന്റെ 7.4 അപ്ഡേറ്റിലാണ് മൈഗ്രേഷൻ ടൂൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഓഎസിലെ ടെലഗ്രാം 7.4 അപ്ഡേറ്റിൽ ഈ സംവിധാനം നൽകിയിരുന്നുവെങ്കിലും തൊട്ടുപിന്നാലെ വന്ന 7.4.1 അപ്ഡേറ്റിൽ മൈഗ്രേഷൻ ടൂൾ ഒഴിവാക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

  • ആദ്യം നിങ്ങളുടെ ടെലഗ്രാം ആപ്പ് അപ്ഡേറ്റ് ചെയ്യുക
  • തുടർന്ന് വാട്സാപ്പ് തുറക്കുക
  • വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക
  • More ക്ലിക്ക് ചെയ്യുക. അതിൽ Export Chat ഓപ്ഷൻ തിരഞ്ഞെടുക്കുക
  • തുറന്നുവരുന്ന ഓപ്ഷനുകളിൽ ടെലഗ്രാം തിരഞ്ഞെടുക്കുക.
  • അപ്പോൾ ടെലഗ്രാം ചാറ്റ് ലിസ്റ്റ് തുറന്നുവരും
  • വാട്സാപ്പ് ചാറ്റ് ആരുടെ ചാറ്റിലേക്കാണ് ഇംപോർട്ട് ചെയ്യേണ്ടത് അതിൽ ക്ലിക്ക് ചെയ്യുക
  • ചാറ്റ് ലിസ്റ്റിൽ കാണുന്നില്ലെങ്കിൽ മുകളിലെ സെർച്ച് ബോക്സിൽ അയാളുടെ പേര് തിരയുക, അതിൽ ക്ലിക്ക് ചെയ്യുക

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിൽ ആശങ്കയുള്ളയാളുകൾ വ്യാപകമായി ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളിലേക്ക് ചേക്കേറുകയാണ്. വാട്സാപ്പിലെ ചാറ്റുകളിലെ സന്ദേശങ്ങളുടെ തുടർച്ച നഷ്ടപ്പെടാതെ ടെലഗ്രാമിലേക്ക് മാറാൻ പുതിയ മൈഗ്രേഷൻ ടൂൾ ഉപകരിക്കും.

എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക- വാട്സാപ്പിൽ നിന്ന് കൊണ്ടുവരുന്ന ചാറ്റുകൾ ടെലഗ്രാമിൽ മറ്റൊരാളുമായുള്ള ചാറ്റിലേക്ക് ആളുമാറി ഇംപോർട്ട് ചെയ്യാതിരിക്കുക. ഇപോർട്ട് ചെയ്യുന്ന ചാറ്റിലെ സന്ദേശങ്ങളെല്ലാം അയാൾക്കും കാണാൻ സാധിക്കും.