ഇന്ത്യയിൽ നിന്ന്​ സൗദി അറേബ്യയിലേക്ക്​ ഉള്ള എല്ലാത്തരം വിസകളുടെയും സ്​റ്റാമ്പിങ്​ പുനരാരംഭിച്ചു.

റിയാദ്​: ഇന്ത്യയിൽ നിന്ന്​ സൗദി അറേബ്യയിലേക്ക്​ എല്ലാത്തരം വിസകളുടെയും സ്​റ്റാമ്പിങ്​ ന്യൂഡെൽഹിയിലെ സൗദി റോയൽ എംബസിയിൽ പുനരാരംഭിച്ചു. നിലവിൽ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്​റ്റാമ്പിങ്​ മാത്രമാണ്​ നടന്നിരുന്നത്​. എന്നാൽ ചൊവ്വാഴ്​ച രാവിലെ മുതൽ എല്ലാ വിഭാഗം തൊഴിൽ വിസകളും ആശ്രിത, സന്ദർശന വിസകളും സ്​റ്റാമ്പിങ്ങിനായി ​സ്വീകരിച്ചു തുടങ്ങിയതായി ഇന്ത്യയിലെ ട്രാവൽ ഏജൻസികൾക്ക്​ അയച്ച സർക്കുലറിൽ​ സൗദി എംബസി അറിയിച്ചു​.

വിസാ സ്റ്റാമ്പിങ്​ നടപടിക്രമങ്ങൾക്ക്​ ആവശ്യമായ പാസ്​പോർട്ടും മറ്റ്​ രേഖകളും ഏജൻസികൾക്ക്​ നേരിട്ട്​ സബ്​മിറ്റ്​ ചെയ്യാം. നേരത്തെയുണ്ടായിരുന്ന അതെ ഫീസും സമയക്രമവും അനുസരിച്ചാണ്​ നടപടികൾ പൂർത്തിയാക്കുന്നതും. പക്ഷേ സമർപ്പിക്കുന്ന പാസ്​പോർട്ടും അനുബന്ധ രേഖകളും അംഗീകൃത കേന്ദ്രത്തിൽ നിന്ന്​ സ്​റ്റെറിലൈസ്​ഡ്​ ചെയ്​തതായിരിക്ക​ണമെന്ന നിബന്ധനയുണ്ട്​. അതിനുവേണ്ടിയുള്ള ഫീസ്​ അധികമായി നൽകേണ്ടി വരും. ഒരു പാസ്​പോർട്ട്​ സ്​​റ്റെറിലൈസ്​ ചെയ്യാൻ 505 രൂപയാണ്​ ഫീസ്​. മറ്റ്​ രേഖകളുടെ കാര്യത്തിൽ പേജൊന്നിന്​ 107 രൂപ വീതവും നൽകണം

ഇന്ത്യയിൽ നിന്ന്​ സൗദിയിലേക്ക്​ നേരിട്ട്​ വിമാന സർവിസ്​ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വിസ ഉടമകൾക്ക്​​ ദുബൈയോ അനുവദിക്കപ്പെട്ട മറ്റ്​ ഏതെങ്കിലും രാജ്യം വഴിയോ 14 ദിവസം അവിടെ ക്വാറൻറീനിൽ കഴിഞ്ഞ ശേഷം സൗദിയി​ലേക്ക്​ യാത്രാ ചെയ്യാമെന്നും സർക്കുലർ വ്യക്തമാക്കുന്നു. കോവിഡ്​ പൊട്ടിപുറപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ വർഷം മാർച്ചിലാണ്​ എംബസിയും മുംബൈയിലെ സൗദി കോൺസുലേറ്റും വിസ സ്​റ്റാമ്പിങ്​ നടപടികൾ നിർത്തിവെച്ചത്​. പിന്നീട്​ സൗദി ആരോഗ്യ മേഖലയിലേക്കും മറ്റ്​ സർക്കാർ തലങ്ങളിലേക്കും മാത്രമായ വിസകളുടെ സ്​റ്റാമ്പിങ്​ ഇരു കേന്ദ്രങ്ങളിലും പുനരാരംഭിച്ചിരുന്നു. ഇപ്പോൾ എല്ലാ വിഭാഗം വിസകളും സ്വീകരിക്കാൻ തുടങ്ങിയെങ്കിലും തൽക്കാലം ഇത്​ ന്യൂഡൽഹിയിലെ സൗദി എംബസിയിൽ മാത്രമാണ്​. മുംബൈ കോൺസുലേറ്റിൽ സ്വീകരിച്ചുതുടങ്ങിയിട്ടില്ല.