തിരൂരിൽ മത്സരം തീപാറും! അബ്ദുൽറഹ്മാനോടു മുട്ടാൻ യൂത്ത് ലീഗ് ദേശീയ നേതാവ് അഡ്വ.ഫൈസൽ ബാബു

തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി ചർച്ചയും സീറ്റ് ചർച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്.പാർട്ടികളിലെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡലമാണ് തിരൂർ. താനൂർ വിട്ട് എം.എൽ.എ വി.അബ്ദുൽറഹ്മാൻ സ്വന്തം തട്ടകമായ തിരൂരിലേക്ക് ചേക്കേറുന്നു എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. തിരൂരിൽ അബ്ദുറഹ്മാനെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ അനുകൂല തീരുമാനവുമായിട്ടുണ്ട്.

എന്നാൽ അബ്ദുറഹ്മാനെതിരെ ലീഗ് ആരെ ഇറക്കുമെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. അതിനും ഏറെക്കുറെ ഉത്തരമായിരിക്കുകയാണ്. നാട്ടുകാരനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റുമായ അഡ്വ.ഫൈസൽ ബാബുവാണ് നിലവിൽ ലീഗിലെ അന്തിമ സാധ്യത പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അഡ്വ.എൻ ഷംസുദ്ധീൻ എം.എൽ.എ യെ പാർട്ടി പരിഗണിച്ചെങ്കിലും മണ്ഡലത്തിലെ വിഭാഗീയത വിനയാകുമെന്ന ആശങ്കയിൽ പിന്മാറുകയായിരുന്നു. ഷംസുദ്ധീനെ നിലവിൽ താനൂരിലേക്കാണ് പരിഗണിക്കുന്നത്.

യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിന് സ്വന്തം പഞ്ചായത്തായ കൽപകഞ്ചേരിക്കു പുറമെ വളവന്നൂർ, ആതവനാട്, തിരുന്നാവായ ,തിരൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങൾ സ്വാധീന മേഖലയെന്നത് അനുകൂല ഘടകമായി. വെട്ടം, തലക്കാട് പഞ്ചായത്തുകൾക്കും ഫൈസൽ ബാബുവിനെ സ്വീകാര്യനാണെന്നതാണ് തിരൂരിലേക്ക് സാധ്യത കൽപിക്കാൻ കാരണമായത്. ഫൈസൽ വരുന്നതോടെ ലീഗിനുള്ളിലെ വിമത സ്വരങ്ങളെ കൂടി അടുപ്പിക്കാനാകുമെന്നാണ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.

മുമ്പ് തിരൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റായിരുന്ന ഫൈസൽ ബാബു അഭിഭാഷകനും വാഗ്മിയുമാണ്. യൂത്ത് ലീഗിൻ്റെ സംസ്ഥാന, ദേശീയ കമ്മിറ്റികളിൽ നിന്നായി ഇത്തവണ അഞ്ച് പേർക്കാണ് മത്സരിക്കാൻ ടിക്കറ്റ് ലഭിക്കുക. ഇതിൽ ഒരാൾ ഫൈസൽ ബാബുവാണ്. സ്ഥാനാർത്ഥി സംബന്ധമായ അന്തിമ തീരുമാനമായില്ലെങ്കിലും ഫൈസൽ ബാബു പരിഗണനയിലുണ്ടെന്ന് ലീഗ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം മുസ്ലീംലീഗ് സംസ്ഥാന വൈസ്പ്രസിഡൻ്റ് ഡോ.സി.പി ബാവഹാജിയും സാധ്യതാ പട്ടികയിലുണ്ട്. അബ്ദുറഹ്മാനോടു മുട്ടാൻ വിവിധ ഘടകങ്ങൾ നോക്കി ശക്തനായ സ്ഥാനാർത്ഥിയെ ആയിരിക്കും ലീഗ് തെരഞ്ഞെടുക്കുക. മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണിക്കു വേണ്ടിയും തിരൂരിൽ മത്സരിക്കാൻ ചരടുവലി ശക്തമാണ്.

തിരൂരിൽ ഇടത് സ്ഥാനാർത്ഥിയായി വി.അബ്ദുൽറഹ്മാൻ ഏറെക്കുറെ ടിക്കറ്റുറപ്പിച്ചു കഴിഞ്ഞു. ഫൈസൽ ബാബു കൂടി എത്തുന്നതോടെ നാട്ടുകാർ തമ്മിലുള്ള തീപാറുന്ന പോരാട്ടമായിരിക്കും തിരൂരിൽ. മുൻ നഗരസഭാ വൈസ് ചെയർമാനും കെ.പി.സി.സി അംഗവുമായിരുന്ന അബ്ദുറഹ്മാന് തിരൂരിലെ പഴയ ബന്ധങ്ങൾ ഗുണകരമാവുമെന്നാണ് കണക്കാക്കുന്നത്. 2016ൽ താനൂർ ലീഗിൽ നിന്ന് പിടിച്ചെടുത്ത അബ്ദുറഹ്മാന് തിരൂർ അനുകൂലമാക്കാൻ ആകുമെന്നാണ് പ്രതീക്ഷ. അതേസമയം നാട്ടുകാരനായ യുവനേതാവ് ഫൈസൽ ബാബുവിനെ ഇറക്കുന്നതോടെ മികച്ച മത്സരം കാഴ്ചവച്ച് മണ്ഡലം നിലനിർത്താനാകുമെന്നാണ് ലീഗ് നേതൃത്വവും കണക്കുകൂട്ടുന്നത്.