സ്കൂളിലെ കോവിഡ് സ്ഥിരീകരണം: ജില്ലയിലെ മുഴുവൻ സ്കൂളുകളും ജാഗ്രത പുലർത്തണം

പൊന്നാനി: മാറഞ്ചേരി ഹയര്‍സെക്കൻഡറി സ്കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.

മാറഞ്ചേരി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന 14 വയസ്സുള്ള ആണ്‍കുട്ടിയെ ഫെബ്രുവരി ഒന്നിന് മാറഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്രവ പരിശോധനക്കായി റഫര്‍ ചെയ്യുകയും അന്‍റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം സ്കൂളിലെ മൂന്ന് അധ്യാപകര്‍ രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആന്‍റിജന്‍ പരിശോധന നടത്തുകയും നെഗറ്റീവ് ആണെന്ന് റിസള്‍ട്ട് വരികയും ചെയ്തു. വിദ്യാര്‍ത്ഥി പോസിറ്റീവ് ആവുകയും അധ്യാപകര്‍ രോഗലക്ഷണം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ പ്രദേശത്ത് രോഗ ബാധ പടര്‍ന്നിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന നടത്തിയിരുന്നു. മാറഞ്ചേരി സ്കൂളില്‍ 582 കുട്ടികളെ പരിശോധിച്ചപ്പോള്‍ 148 കുട്ടികളും 50 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ 39 പേരും പോസിറ്റീവ് ആയി.

 

വന്നേരി സ്കൂളിലെ ഒരു അധ്യാപകനും രോഗ ബാധ സ്ഥിരീകരിച്ചതിനാല്‍ സ്കൂളിലും പരിശോധന നടത്തി. വന്നെരി സ്കൂളില്‍ 49 കുട്ടികളെ പരിശോധിച്ചപ്പോള്‍ 39 പേർ പോസിറ്റീവ് ആയി. 36 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ 36 പേരും പോസിറ്റീവ് ആയി. പ്രദേശത്ത് കര്‍ശന നിരീക്ഷണം തുടരുന്നതായും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും ഡി എം ഒ അറിയിച്ചു. ഇപ്പോൾ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവരെയും വരും ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കൻ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

സ്കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

 

*കുട്ടികള്‍ തമ്മിൽ രണ്ട് മീറ്റര്‍ ശാരീരി അകലം പാലിക്കണം. ഇതിനായി ആവശ്യമെങ്കില്‍ മറ്റു ക്ലാസ്റൂമുകള്‍ കൂടി ഉപയോഗപ്പെടുത്തണം.

*കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍), രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ക്വാറന്‍റൈനില്‍ ഉള്ളവര്‍, കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളുടെ വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കു ശേഷം മാത്രമേ സ്കൂളുകളില്‍ ഹാജരാകുവാന്‍ പാടുള്ളൂ.

*സ്കൂള്‍ പരിസരം, ഫര്‍ണിച്ചറുകള്‍, സ്റ്റേഷനറി, സ്റ്റോര്‍ റൂം, വാട്ടര്‍ടാങ്ക്, അടുക്കള, സ്കൂള്‍ കാന്‍റീന്‍, ശുചിമുറി, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കണം.

*കോവിഡ് 19 – നൊപ്പം ജലജന്യരോഗങ്ങളും കണ്ടുതുടങ്ങിയിട്ടുള്ളതിനാല്‍ കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ നിര്‍ബന്ധമായും ബ്ലീച്ചിങ്ങ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.പ്രാഥമ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തണം.

 

*പഴയ ഭക്ഷണ സാധനങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കി പുതിയവ ഉപയോഗിച്ച് മാത്രം ഭക്ഷണം ഉണ്ടാക്കണം.

 

*സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍തെര്‍മോമീറ്റര്‍,സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവ സജ്ജീകരിക്കണം.

 

*കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം കുട്ടികള്‍ ക്ലാസ്സുകളില്‍ ഇരിക്കേണ്ടത്. സ്റ്റാഫ് റൂമിലും അധ്യാപകര്‍ക്ക് നിശ്ചിത അകലം പാലിച്ച് കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.

 

*സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ക്ലാസ്സ് റൂമുകള്‍, ലൈബ്രറികള്‍, കൈകള്‍ വൃത്തിയാക്കുന്ന ഇടങ്ങള്‍, വാഷ്റൂമിന് പുറത്ത്, സ്കൂള്‍ ബസ് തുടങ്ങിയ ഇടങ്ങളില്‍ പതിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

*കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്റൂം തുടങ്ങിയ സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനായി നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകള്‍ വരുത്തണം.

 

*കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഘട്ടങ്ങളില്‍ ആരോഗ്യ പരിശോധനാ സൗകര്യം ഒരുക്കണം.

 

* സ്കൂള്‍ വാഹനത്തിനുള്ളിലും മറ്റ് വാഹനങ്ങളിലും എല്ലാവരും സാമൂഹിക അകലം പാലിക്കുക. സ്കൂള്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ് തെര്‍മല്‍ സ്ക്രീനിംഗ് നടത്തണം.വാഹനങ്ങള്‍ക്കുള്ളില്‍ മാസ്ക് നിര്‍ബന്ധമാക്കണം. വാഹനത്തിന്‍റെ ജനാലകളില്‍ കര്‍ട്ടനുകള്‍ ഇടാതിരിക്കുക. എല്ലാ ജനാലകളും തുറന്നിടാന്‍ ശ്രദ്ധിക്കണം.

 

*കോവിഡ് രോഗബാധിതര്‍, ക്വാറന്‍റൈനില്‍ കഴിയുന്ന അദ്ധ്യാപകര്‍ എന്നിവര്‍ പ്രസ്തുത വിവരം പ്രഥമാദ്ധ്യാപകരെ രേഖാമൂലം അറിയിക്കണം.അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ പ്രഥമധ്യാപകര്‍ സ്കൂളുകളില്‍ വരുത്തണം.

 

*കുട്ടികളുടെ തിരക്ക് ഒഴിവാക്കുന്നതിനായി സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം. ഓരോ സ്കൂളിലെയും സാഹചര്യം കണക്കിലെടുത്ത് സ്കൂള്‍ തലത്തില്‍ തീരുമാനമെടുക്കുന്നതിന് നേതൃത്വം നല്‍കുക. ഓരോ ഷിഫ്റ്റിലും എത്തിച്ചേരുന്ന കുട്ടികള്‍, എത്തിച്ചേരേണ്ട അധ്യാപകര്‍, റിവിഷന്‍ നടത്താനുദ്ദേശിക്കുന്ന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച വ്യക്തത സ്കൂള്‍തലത്തില്‍ ഉണ്ടാകണം.

 

*രക്ഷകര്‍ത്താക്കളുടെ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഇക്കാര്യം മുന്‍കൂട്ടി രക്ഷകര്‍ത്താക്കളെ അറിയിക്കണം.

 

*എല്ലാ സ്കൂളുകളിലും പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ സ്കൂള്‍ കോവിഡ് സെല്‍ രൂപീകരിക്കേണ്ടതും കോവിഡ് സെല്ലില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍നിന്നും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് (ജെ.പി.എച്ച്.എന്‍) എന്നിവര്‍ ഉണ്ടായിരിക്കണം.