ശബരിമല; സി.പി.എം നിലപാട്​ വ്യക്തമാക്കണം ചെന്നിത്തല 

പൊന്നാനി: ശബരിമല സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ സമാപന ദിവസമായ ഞായറാഴ്​ച പൊന്നാനിയിൽ മാധ്യമപ്രവർത്തകരോട് ​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ  സർക്കാറിന്റെ നിലപാടിൽ മാറ്റമുണ്ടോയെന്ന്​ പാർട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്​ലിം ലീഗുമായുള്ള സീറ്റുവിഭജന ചർച്ചകൾ സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ഘടകകക്ഷികളോട് കോൺഗ്രസിനും സി.പി.എമ്മിനും രണ്ടു​ സമീപനമാണ്​. കോൺഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങോട്ടുപോയി കാണും. അതിനാലാണ്​ പാണക്കാട്ട്​ പോയത്. സി.പി.എം ഘടകകക്ഷി നേതാക്കളെ അവഗണിക്കുന്നു. സമ്പന്ന-ബൂർഷ്വ-മൂലധനശക്തികളുടെ പിടിയിലാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു.