അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ്
സാന്ത്വന സ്പര്‍ശം അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കി പൊന്നാനി ചെറുവളപ്പില്‍ റഹ്‌മത്ത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ റേഷന്‍ കാര്‍ഡ് മരുമകള്‍ സുലൈഖയ്ക്ക് കൈമാറി.

പൊന്നാനി നഗരസഭയിലെ പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന റഹ്‌മത്ത് വാര്‍ഡില്‍ നടന്ന ഗ്രാമസഭയിലാണ് അദാലത്തിനെക്കുറിച്ച് അറിഞ്ഞത്.

തുടര്ന്ന് അദാലത്തില്‍ നേരിട്ട് എ.പി.എല്‍ റേഷന്‍ കാര്‍ഡില്‍ നിന്ന് ബി.പി.എല്‍ കാര്‍ഡിലേക്ക് മാറ്റുവാനായി പരാതി നല്‍കുകയായിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണന്‍ പരാതി പരിഗണിക്കവേ അദാലത്തില്‍ തന്നെ പുതിയ കാര്‍ഡ് നല്‍കുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. റേഷന്‍ കാര്‍ഡില്‍ റഹ്‌മത്തും മകന്‍ ഷാജിയും മരുമകള്‍ സുലൈഖയുമാണ് അംഗങ്ങളായിട്ടുള്ളത്.

ഓട്ടോ ഡ്രൈവറായിരുന്ന ഷാജി 20 വര്‍ഷമായി ഒരു അപകടത്തെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട് മറ്റു പേരുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. അദാലത്തില്‍ ഉടനടി റേഷന്‍ കാര്‍ഡ് ലഭ്യമാകുമെന്ന് കരുതിയില്ലെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നും സുലൈഖ പറഞ്ഞു.