തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നുപേർക്കെതിരേ സി.പി.എമ്മിൽ അച്ചടക്കനടപടി.

കുറ്റിപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മിറ്റി നേതാക്കൾ ഉൾപ്പെടെ മൂന്നുപേർക്കെതിരേ സി.പി.എമ്മിൽ അച്ചടക്കനടപടി. നടുവട്ടം ലോക്കൽ കമ്മിറ്റിയിലെ നേതാക്കൾക്കെതിരേയാണ് നടപടിയുണ്ടായത്. ഞായറാഴ്ച ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഏരിയാകമ്മിറ്റിയാണ് നടപടി റിപ്പോർട്ട്ചെയ്തത്.

എസ്.എഫ്.ഐയുടെ പ്രഥമ ജില്ലാസെക്രട്ടറിയും നടുവട്ടം ലോക്കൽ സെന്റർ അംഗവുമായ കെ.പി. ഗോപാലൻ, നടുവട്ടം ലോക്കൽ കമ്മിറ്റി അംഗം അസ്‌ക്കർ കൊളത്തോൾ, പകരനെല്ലൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ഉമ്മർ നരിക്കുളം എന്നിവർക്കെതിരേയാണ് നടപടി.

കെ.പി. ഗോപാലനെ എൽ.സി. സെന്ററിൽനിന്ന് മാറ്റി എൽ.സി.യിൽ നിലനിർത്താനും പരസ്യമായി ശാസിക്കാനുമാണ് തീരുമാനം. അസ്‌ക്കർ കൊളത്തോളിനെ ലോക്കൽ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്താനും ഉമ്മർ നരിക്കുളത്തിനെ പാർട്ടിയിൽനിന്ന് പുറത്താക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.

 

ചെല്ലൂർ, ഊരോത്ത്പള്ളിയാൽ വാർഡുകളിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞതവണ സി.പി.എം. വിജയിച്ച ചെല്ലൂർ വാർഡിൽ പാർട്ടിക്ക് വലിയ സ്വാധീനമുണ്ട്. എന്നാൽ, ഇത്തവണ ഇരുനൂറോളം വോട്ടിനാണ് സി.പി.എം. സ്ഥാനാർഥി ഇവിടെ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിൽ നിർജീവമായിരുന്നുവെന്നതാണ് ഗോപാലനെതിരേയുള്ള നടപടിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഊരോത്തുപള്ളിയാലിൽ 15 വർഷമായി 100 വോട്ടിനു മുകളിൽ ഭൂരിപക്ഷത്തോടെ സി.പി.എം. വിജയിക്കുന്ന വാർഡാണ്. നിലവിലെ അംഗത്തിന്റെ ഭർത്താവാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ, ഇത്തവണ 35 വോട്ടിന്‌ വാർഡ് സി.പി.എമ്മിന് നഷ്ടമായി. തുടർന്നാണ് പാർട്ടിയിലെ ചിലർ ഇടപെട്ട് മുസ്‌ലിംലീഗിന് വോട്ട് മറിച്ചുവെന്ന ആരോപണമുയർന്നത്.

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണക്കാരായവർക്കെതിരേ ശക്തമായ നടപടിവേണമെന്ന് പാർട്ടിയോഗങ്ങളിൽ ആവശ്യമുയർന്നിരന്നു. പരാതിയുമായി മേൽക്കമ്മിറ്റികളെ സമീപിക്കുകയുമുണ്ടായി. അച്ചടക്കനടപടിയുണ്ടായില്ലെങ്കിൽ പാർട്ടിവിടാനും ഒരുവിഭാഗം തയ്യാറെടുത്തിരുന്നു. ഇതേത്തുടർന്നാണ് ജില്ലാകമ്മിറ്റിയുടെ നിർദേശപ്രകാരം ഏരിയാകമ്മിറ്റി നടപടി സ്വീകരിച്ചത്.