കുട്ടികളെ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തി

മമ്പാട് :മലപ്പുറം മമ്പാടിൽ കുഞ്ഞുങ്ങളെ മുറിയിൽ പട്ടിണിക്കിട്ട്​ ക്രൂരത. ആറും മൂന്നും വയസ്സുള്ള കുട്ടികളെയാണ്​ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്​. സംഭവത്തിൽ രക്ഷകർത്താക്കളായ തമിഴ്​നാട്​ സ്വദേശികളെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

വിരുതാസലം സ്വദേശികളായ തങ്കരാജ്, സഹോദരി മാരിയമ്മ എന്നിവരാണ്​ കസ്റ്റഡിയിലായത്​. തങ്കരാജിന്‍റെ ഭാര്യ മഹേശ്വരി നേരത്തെ മരണമടഞ്ഞിരുന്നു. തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയാണ്​ കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന വിവരം പുറത്തറിയിച്ചത്​.

 

അവശരായ കുട്ടികൾക്ക്​ കണ്ണ് തുറക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. നിലമ്പൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്​. കുട്ടികളെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളവും ബിസ്കറ്റും മറ്റും നൽകിയതോടെയാണ് കുട്ടികളുടെ നില അൽപം മെച്ചപ്പെട്ടത്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.